കൊട്ടാരക്കരയിൽ സോളർ കമ്പനി എംഡി ലക്ഷ്മി എസ്.നായർ എന്ന വ്യാജപ്പേരിൽ സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതിയായ സോളർ പീഡനക്കേസിലെ പരാതിക്കാരിയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസിൽ പരിചയപ്പെടുത്തിയത് മുൻ മന്ത്രി കെ.ബി.ഗണേഷ്കുമാർ ആണെന്ന് ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാരായ എൻ.രവീന്ദ്രൻപിള്ള, എം.എസ്.ശ്രീകുമാർ എന്നിവരുടെ നിർണായക മൊഴി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജി ഇ.ആർ.അർജുൻരാജ് മുൻപാകെയാണ് ഇരുവരും മൊഴി നൽകിയത്.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലക്ഷ്മി നായർ അടുത്ത സുഹൃത്താണെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ വന്നതാണെന്നും ഗണേഷ്കുമാർ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി സ്റ്റാഫ് ജിക്കുമോൻ ജേക്കബിനോട് പറഞ്ഞതായി എം.എസ്.ശ്രീകുമാർ കോടതിയിൽ വ്യക്തമാക്കി.
ഗണേഷ് എത്തുമ്പോൾ മുഖ്യമന്ത്രി ഓഫീസിൽ ഉണ്ടായിരുന്നില്ലെങ്കിലും താൻ അവിടെയുണ്ടായിരുന്നു എന്ന് ശ്രീകുമാർ മൊഴിയിൽ പറഞ്ഞു. തുടർന്ന് ഗണേഷ് ഉടൻ തന്നെ അവിടെനിന്നും മടങ്ങിപ്പോയി.
കുറെക്കഴിഞ്ഞ് ഉമ്മൻചാണ്ടിയും ഒപ്പം സെക്യൂരിറ്റി ഓഫിസർ എൻ.രവീന്ദ്രൻപിള്ളയും ഓഫീസിലെത്തി. ചെക്ക് കൈമാറാൻ ഒരു സ്ത്രീ വന്നെന്ന് ജിക്കു അറിയിച്ചെന്ന് രവീന്ദ്രൻപിള്ള മൊഴി നൽകി.
ഈ വിവരം രവീന്ദ്രൻപിള്ള ഉടൻ തന്നെ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിന്റെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ ലക്ഷ്മി നായർ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുകയും ഈ സമയം ആരെങ്കിലും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.
കുറെനാൾ കഴിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാൻ താൻ കോഴിക്കോട്ട് പോയ സമയത്ത്, സോളർ എംഡി ലക്ഷ്മി നായരാണെന്നും മുഖ്യമന്ത്രിക്ക് ഫോൺ കൈമാറണമെന്നും ആവശ്യപ്പെട്ട് ഒരു ഫോൺ കോൾ എത്തിയിരുന്നുവെന്നും രവീന്ദ്രൻപിള്ള ഓർത്തെടുത്തു. എന്നാൽ അദ്ദേഹം പ്രസംഗിക്കുകയാണെന്നും തന്റെ ഫോൺ കൈമാറാൻ കഴിയില്ലെന്നും താൻ മറുപടി നൽകി.
പിന്നീട് ടിവിയിലും പത്രങ്ങളിലും സോളർ തട്ടിപ്പ് കേസിന്റെ വാർത്തകൾ വന്നപ്പോഴാണ് അന്ന് ലക്ഷ്മി നായരെന്ന പേരിൽ എത്തിയത് ഇവർ തന്നെയാണെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്നും രവീന്ദ്രൻപിള്ളയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. സോളർ അന്വേഷണ കമ്മിഷനു മുന്നിൽ പരാതിക്കാരി ഹാജരാക്കിയ കത്തിൽ നാലുപേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് ജോളി അലക്സ് മുഖേന സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നടപടി.
ഈ കേസിൽ പരാതിക്കാരി ഒന്നാം പ്രതിയും ഗണേഷ്കുമാർ രണ്ടാം പ്രതിയുമാണ്. ഗണേഷ് എംഎൽഎ ആയിരിക്കെ പരാതിക്കാരി പത്തനാപുരത്തെ എംഎൽഎയുടെ ഓഫിസ് സന്ദർശിക്കുന്നത് കണ്ടിട്ടുണ്ട് എന്ന് കോൺഗ്രസ് നേതാവ് ഷേക്പരീതും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
പ്രസ്തുത കേസ് അടുത്തമാസം 14-ാം തീയതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

