നഗരവൽക്കരണത്തിന്റെ ഭാഗമായുള്ള ഗേറ്റഡ് സൊസൈറ്റികളും പരമ്പരാഗതമായ തുറസ്സായ അയൽപക്കങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങളെ അധികരിച്ച് സമൂഹമാധ്യമങ്ങളിൽ സജീവമായ ചർച്ച പുരോഗമിക്കുന്നു. ‘ബെബാക് എപി’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട
ഒരു വീഡിയോയിലാണ് ഈ രണ്ട് വ്യത്യസ്ത ജീവിതരീതികൾ തമ്മിലുള്ള താരതമ്യം അവതരിപ്പിച്ചിരിക്കുന്നത്. ഗേറ്റഡ് സൊസൈറ്റികൾ മികച്ച സുരക്ഷാ ക്രമീകരണങ്ങളും ആധുനിക സൗകര്യങ്ങളുമാണ് താമസക്കാർക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് ഈ കുറിപ്പിൽ വ്യക്തമാക്കുന്നു.
സുരക്ഷിതമായ ചുറ്റുമതിലുകൾ, വിശാലമായ ബേസ്മെന്റ് പാർക്കിംഗ് സംവിധാനം, എപ്പോഴും ജാഗ്രതയോടെ വർത്തിക്കുന്ന സുരക്ഷാ ജീവനക്കാർ, തെരുവുവിളക്കുകൾ എന്നിവ ഇത്തരം സൊസൈറ്റികളുടെ പ്രത്യേകതകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, തുറസ്സായ അയൽപക്കങ്ങളിൽ കഴിയുന്നവർ അടിസ്ഥാന സൗകര്യങ്ങൾക്കും മാലിന്യ നിർമാർജ്ജനം പോലുള്ള കാര്യങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതു സംവിധാനങ്ങളുടെയും സഹായത്തെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്.
എന്നിരുന്നാലും, ഗേറ്റഡ് സൊസൈറ്റികൾ നൽകുന്ന ഈ സൗകര്യങ്ങളും സുരക്ഷയും ആ കോമ്പൗണ്ട് മതിലുകൾക്കുള്ളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു എന്നാണ് പ്രധാന വിമർശനം. “അവരുടെ സുരക്ഷ ഈ വീടിനും ഗേറ്റിനും ഉള്ളിൽ മാത്രമാണ്.
ഗേറ്റിന് പുറത്തേക്കിറങ്ങിയാൽ രണ്ടു കൂട്ടരുടെയും അവസ്ഥ ഒന്നുതന്നെയാണ്. രണ്ടു വിഭാഗവും ശ്വസിക്കുന്നത് ഒരേ വായു തന്നെയാണ്” എന്ന് അദ്ദേഹം വീഡിയോയിൽ തുറന്നടിക്കുന്നുണ്ട്.
പരമ്പരാഗതമായി തുറസ്സായ അയൽപക്കങ്ങളിൽ താമസിക്കുന്ന മനുഷ്യർക്കിടയിൽ കൂടുതൽ ഹൃദ്യമായ ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. തെരുവിൽ ഒന്നിച്ച് ജീവിക്കുന്നവർ പരസ്പരം തിരിച്ചറിയുകയും ആപത്തുകളിൽ സഹായിക്കുകയും ചുറ്റുമുള്ള ജീവജാലങ്ങളെ പോലും അനുഭാവപൂർവ്വം പരിഗണിക്കുകയും ചെയ്യുന്നു.
എന്നാൽ ഫ്ലാറ്റ് സംസ്കാരത്തിലേക്ക് വരുമ്പോൾ തൊട്ടടുത്തുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്നവർ പോലും പരസ്പരം അകലം പാലിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കടുത്ത വേനൽക്കാലത്ത് തെരുവ് മൃഗങ്ങൾക്ക് ദാഹമകറ്റാൻ സൊസൈറ്റിക്ക് വെളിയിൽ ഒരു പാത്രത്തിൽ വെള്ളം വെക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ ഫ്ലാറ്റ് സൊസൈറ്റിയിലെ അംഗങ്ങൾ തന്നോട് എതിർത്തു സംസാരിച്ച അനുഭവം അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
ഈ രണ്ട് ജീവിതരീതികൾ തമ്മിലുള്ള യഥാർത്ഥ അന്തരം ഭൗതിക സൗകര്യങ്ങളിലല്ല, മറിച്ച് സമൂഹത്തോടും അയൽവാസികളോടും നമ്മൾ പുലDർത്തുന്ന മനോഭാവത്തിലാണ് അടങ്ങിയിരിക്കുന്നത്. “ഈ സൊസൈറ്റിക്കുള്ളിൽ വെച്ച് എനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹായിക്കാൻ ആരും കാണില്ല.
എന്നാൽ തുറസ്സായ ഈ പ്രദേശത്താണ് അത് സംഭവിക്കുന്നതെങ്കിൽ എല്ലാവരും ഒപ്പം നിൽക്കും” എന്ന ശക്തമായ നിരീക്ഷണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഈ ദൃശ്യത്തിന് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.
“ചുറ്റും നല്ല മനുഷ്യരുണ്ടെങ്കിൽ അത് ഗേറ്റഡ് സൊസൈറ്റിയാണോ അല്ലയോ എന്നത് ഒരു വിഷയമല്ല” എന്ന് ഒരാൾ ചൂണ്ടിക്കാണിച്ചപ്പോൾ, “അടിസ്ഥാന സൗകര്യങ്ങളേക്കാൾ പ്രധാനം യഥാർത്ഥ മാനുഷിക ബന്ധങ്ങളാണ്” എന്നാണ് മറ്റൊരാൾ കുറിച്ചത്. “രണ്ടിടത്തും ജീവിച്ച അനുഭവത്തിൽ തുറസ്സായ അയൽപക്കങ്ങളിലാണ് കൂടുതൽ സൗഹാർദ്ദമുള്ളത്.
ഗേറ്റഡ് സൊസൈറ്റികളിൽ സൗകര്യങ്ങൾ ഭംഗിയായി നടക്കുമെങ്കിലും ആളുകളുടെ ഈഗോ നിയന്ത്രിക്കാനാവാത്തത്ര വലുതാണ്” എന്നായിരുന്നു മറ്റൊരു പ്രധാന പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

