ബിജെപി എംപിയും ചലച്ചിത്ര താരവുമായ കങ്കണ റണാവത്ത് ഉന്നയിച്ച വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രംഗത്ത്. പാർട്ടി നേതാവ് കങ്കണയെ ബിജെപി പ്രവർത്തകർ പോലും ഗൗനിക്കുന്നില്ലെന്നും പുതിയ തലമുറ ഇവരുടെ വാക്കുകൾ വിലവെയ്ക്കുന്നില്ലെന്നും സിജെപി വ്യക്തമാക്കി.
എംപിയുടെ ഔദ്യോഗിക ചുമതലകൾ പോലും നിർവഹിക്കാൻ സാധിക്കാത്തവരാണ് സിജെപിയെ വിമർശിക്കുന്നതെന്നും, കങ്കണ അല്പം രാഷ്ട്രീയ മര്യാദ പാലിക്കണമെന്നും സിജെപി വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തി. ന്യൂഡൽഹിയിലെ ജന്തർമന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധത്തെ മുൻപ് കങ്കണ രൂക്ഷമായി വിമർശിച്ചിരുന്നു.
സമരത്തിന്റെ ഭാഗമായി പുറത്തുവന്ന റീലുകളും പ്രതിഷേധ രീതികളും അറപ്പുളവാക്കുന്നതെന്നാണ് കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. സമരത്തിൽ പങ്കെടുത്ത യുവാക്കളെ വൃത്തിയില്ലാത്തവരെന്ന് വിശേഷിപ്പിച്ച അവർ, ഉത്തരവാദിത്തമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരെന്നും വിമർശിച്ചിരുന്നു.
കൂടാതെ, പാശ്ചാത്യ ശൈലി അനുകരിക്കുന്ന ചില ഇന്ത്യൻ യുവതികൾ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരാണെന്നും മദ്യപാനത്തിലും ലഹരി ഉപയോഗത്തിലും അഭിമാനം കൊള്ളുന്നവരാണെന്നും അവർ ആരോപിച്ചിരുന്നു. മാതാപിതാക്കളുടെ ധനം ഉപയോഗിച്ച് ജീവിക്കുകയും എന്നാൽ യാതൊരുവിധ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാതെ സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്നുമായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കങ്കണ കൂട്ടിച്ചേർത്തത്.
ഈ പരാമർശങ്ങൾക്ക് പിന്നാലെയാണ് സിജെപി നേതൃത്വം ശക്തമായ പ്രതികരണവുമായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

