അമരാവതി: രാജ്യത്തിന്റെ സുരക്ഷാ രഹസ്യങ്ങൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജന്റിന് കൈമാറിയ സംഭവത്തിൽ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. 31 വയസ്സുകാരനായ പ്രദീപ് മുഖർജിയാണ് പിടിയിലായത്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള ഹണിട്രാപ്പിൽ പെട്ടാണ് ഇയാൾ അതിസുപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ബംഗാൾ സ്വദേശിയായ ഇയാളെ ഒക്ടോബർ 3നാണ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിലെ നാവികസേനയുടെ ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ ഐഎൻഎസ് അഗ്രണിയിൽ നിന്നാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്. മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിൽ പങ്കെടുക്കാനായി കഴിഞ്ഞ ഒരു ആഴ്ചയായി ഇയാൾ ഇവിടെ ക്യാമ്പിൽ കഴിയുകയായിരുന്നു.
2014ൽ നാവികസേനയുടെ ഭാഗമായ പ്രദീപ് മുഖർജി, വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിലാണ് സേവനം അനുഷ്ഠിച്ചിരുന്നത്. ചില മാസങ്ങൾക്ക് മുൻപാണ് പാക് വനിതാ ഇന്റലിജൻസ് ഏജന്റ് സമൂഹമാധ്യമങ്ങൾ വഴി ഇയാളുമായി ബന്ധപ്പെടുന്നത്.
ഈ ഓൺലൈൻ സൗഹൃദം ദുരുപയോഗം ചെയ്ത്, വിശാഖപട്ടണം നേവൽ ബേസിന്റെ പ്രവർത്തനരീതികൾ, യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും സഞ്ചാരപഥങ്ങൾ, തന്ത്രപ്രധാനമായ നാവിക ആസ്തികൾ തുടങ്ങിയ അതീവ രഹസ്യ വിവരങ്ങൾ ഇയാൾ ചോർത്തി നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതിർത്തി കടന്നുള്ള ചാരവൃത്തിയും ദേശസുരക്ഷാ ഭീഷണികളും നിരീക്ഷിക്കുന്നതിൽ പ്രാവീണ്യമുള്ള കൗണ്ടർ ഇന്റലിജൻസ് സെൽ, നാവികസേനാംഗത്തിന്റെ അസ്വാഭാവികമായ ഡിജിറ്റൽ ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രഹസ്യന്വേഷണം ആരംഭിച്ചത്.
തുടർന്ന് ഇയാളെ കർശന നിരീക്ഷണ വലയത്തിലാക്കുകയും കുറ്റകരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

