മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിൽ നിന്നും കർണാടക ആർടിസി ബസ് ഡ്രൈവറെ അത്ഭുതകരമായി രക്ഷപ്പെടുത്തി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർ. നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവറായ കാവന്നൂർ സ്വദേശി നസീഫ് ആണ് അവസരോചിതമായ ഇടപെടലിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും നിലമ്പൂരിലേക്ക് സർവീസ് നടത്തുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്. യാത്രയ്ക്കിടെ ചന്നപട്ടണം പിന്നിട്ടപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
കർണാടക ആർടിസി ബസിന്റെ പഞ്ചറായ ടയർ മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടെത്തിയ ലോറി ബസ് ഡ്രൈവറെ ഇടിക്കുകയും ഇദ്ദേഹം റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
ഈ കാഴ്ച കണ്ടയുടൻ യാതൊരു മടിയും കൂടാതെ നസീഫ് താൻ ഓടിച്ചിരുന്ന ബസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി നിർത്തി. ലോറിക്ക് മുന്നിൽ അകപ്പെടാതിരിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് കർണാടക ആർടിസി ഡ്രൈവർ തെറിച്ചുവീണത്.
കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കർണാടക ആർടിസി ഡ്രൈവറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർക്ക് ആവശ്യമായ മറ്റ് യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകിയ ശേഷം, തുടർനടപടികൾക്കായി സ്വിഫ്റ്റ് ബസ് കർണാടക പൊലീസിന് കൈമാറി.
സംഭവസ്ഥലത്തിന് പിന്നാലെ വന്നിരുന്ന ഒരു സ്വകാര്യ ബസിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പൂർണ്ണമായും പതിഞ്ഞിട്ടുണ്ട്. ഡ്രൈവർ നസീഫിന്റെ മനസാന്നിധ്യം വലിയൊരു മരണത്തെയാണ് തടഞ്ഞുനിർത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

