യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ചോദ്യം ചെയ്യലിനിടെ താൻ നടത്തിയ കൃത്യത്തെക്കുറിച്ച് പ്രതി സിയ ഗോയൽ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
വീട്ടുകാരോട് പറഞ്ഞ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാൾ എളുപ്പം കേതനെ കൊല്ലുന്നതാണെന്ന് തനിക്ക് തോന്നിയെന്നും, കുടുംബത്തെ വേദനിപ്പിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് ഇത്തരം കടുംകൈക്ക് മുതിർന്നതെന്നും പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പൂനെ ലോണാവാല പോലീസ് ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിൽ ഉൾപ്പെട്ട സിയയുടെ സഹോദരൻ സാഹിൽ ഗോയലിനെ പത്ത് മണിക്കൂറോളമാണ് പോലീസ് ചോദ്യം ചെയ്തത്.
സിയയ്ക്ക് കേസിലെ മറ്റൊരു പ്രതിയായ ചേതൻ ചൗധരിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന കാര്യം സഹോദരന് അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ. വിവാഹത്തിന് സിയയ്ക്ക് താല്പര്യമില്ലായിരുന്നെങ്കിൽ തങ്ങൾ അതിന് സമ്മതിക്കുമായിരുന്നില്ലെന്ന് സാഹിൽ മൊഴി നൽകി.
വിവാഹം മുൻകൈയെടുത്തു നടത്തിയ നരേന്ദ്ര മിത്തലിനെയും, രേണു മിത്തലിനെയും പോലീസ് ചോദ്യം ചെയ്തു. സിയയും ചേതൻ ചൗധരിയും ചേർന്ന് ഇത്തരം ഒരു കൃത്യം ആസൂത്രണം ചെയ്യുമെന്ന് തങ്ങൾ കരുതിയിരുന്നില്ലെന്ന് ഇവർ പറഞ്ഞു.
സിയയ്ക്ക് ചേതനുമായി ബന്ധമുണ്ടെന്ന കാര്യം തങ്ങൾക്കോ കുടുംബത്തിനോ അറിയില്ലായിരുന്നു. “സിയ ഇത്തരമൊരു കാര്യം ചെയ്യുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
സിയയും കേതനും നല്ല രീതിയിൽ മറ്റുള്ളവരോട് പെരുമാറുന്നവരായിരുന്നു. സിയയെ ചെറുപ്പം മുതൽ ഞങ്ങൾക്കറിയാം.
അവൾ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല’’ എന്ന് നരേന്ദ്ര മിത്തൽ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിലാണ് സിയയും കേതനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്.
പ്രമുഖ നിർമ്മാണ വ്യവസായി വിശാൽ അഗർവാളിന്റെ മകനാണ് കൊല്ലപ്പെട്ട കേതൻ.
നവംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് 17 കോടി രൂപ ചെലവിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങളും ഒരുക്കിയിരുന്നു.
എന്നാൽ ഇതിനിടയിൽ ചേതനുമായുള്ള പ്രണയബന്ധം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കഴിഞ്ഞ 18-ാം തീയതി ലോഹ്ഗഡ് കോട്ടയിൽ ട്രെക്കിംഗിനിടെ കേതൻ കൊക്കയിൽ വീണു മരിച്ച സംഭവം അപകടമരണമെന്നാണ് ആദ്യം കരുതിയത്.
എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

