കോഴിക്കോട്ട് എംഎൽഎയുടെ വസതിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉൾപ്പെടെയുള്ള 57 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച കോട്ടൂളിയിലെ പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.
പ്രതിഷേധക്കാർ പൊതുറോഡിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുമായി പ്രതിഷേധക്കാർ ബലപ്രയോഗം നടത്തിയതായും റിപ്പോർട്ടിലുണ്ട്.
പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ പ്രവർത്തകർ ശ്രമിച്ചതായും എഫ്ഐആറിൽ പരാമർശിക്കുന്നു. എം.
മെഹബൂബ് കൂടാതെ സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി. മോഹനൻ, എ.
പ്രദീപ് കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.
നിഖിൽ, സി.പി. മുസാഫർ അഹമ്മദ് എന്നിവരും കേസിൽ പ്രതികളാണ്.
നിയമവിരുദ്ധമായി സംഘം ചേരുക, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ 189(2), 189(3), 191(2), 190, 285 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഉദ്യോഗസ്ഥരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയതിന് പിന്നാലെയാണ് കോഴിക്കോട്ടെ പ്രതിഷേധത്തിനെതിരെയും കർശന നടപടിയുണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

