തിരുവനന്തപുരം: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ഏത് തരത്തിലുള്ള ഇടപെടലുകളെയും ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തണമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി.
ഈദ് ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിക്ക് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
വിദ്യാർഥികളെയും യുവജനങ്ങളെയും ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, സഹോദര സമുദായങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവതലമുറയെ വിലകുറച്ച് കാണരുതെന്ന് ഓർമ്മിപ്പിച്ച സുഹൈബ് മൗലവി, സിജെപി (CJP) വിഷയത്തെക്കുറിച്ചും തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. യുവാക്കളെ പാറ്റകളോട് ഉപമിച്ച സംഭവത്തിന് തിരിച്ചടിയായി രാജ്യത്ത് വലിയൊരു സാങ്കൽപിക രാഷ്ട്രീയ മുന്നേറ്റം രൂപപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെറും നാല് ദിവസം കൊണ്ട് രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ പോലും സമൂഹമാധ്യമങ്ങളിൽ സിജെപി പിന്നിലാക്കിയെന്ന് അദ്ദേഹം വിലയിരുത്തി. ആരാധനാലയങ്ങളുടെ പേര് പറഞ്ഞ് രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്.
സ്നേഹവും സാഹോദര്യവും അടിയുറപ്പുള്ളതാക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. കുട്ടികൾ സാംസ്കാരിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നവരായി വളരണമെന്നും, മികച്ച വ്യക്തിത്വവും സംസ്കാരവുമുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നും ഡോ.
വി.പി.സുഹൈബ് മൗലവി തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

