തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കങ്ങളിൽ സിപിഎം സ്വീകരിച്ച നിലപാടിനെ വിമർശിച്ച കവി സച്ചിദാനന്ദന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ രംഗത്തെത്തി.
ഇഡിയിൽ നിന്ന് നീതി ലഭിക്കുമെന്ന തരത്തിലുള്ള സച്ചിദാനന്ദന്റെ നിഗമനം അത്യന്തം വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇഡി എന്നത് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമാണെന്നും ബിജെപിയുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് ഏജൻസി പ്രവർത്തിക്കുന്നതെന്നും അബ്ദുൽ ഖാദർ ആരോപിച്ചു.
“ബിജെപിയുടെ രാഷ്ട്രീയ നയങ്ങൾ കൊണ്ടാണ് ഇതുവരെയും ഇഡി കേസുകളെ സമീപിച്ചതെന്നും സത്യത്തിന്റെയും നീതിയുടെയും അളവ് കോലും കൊണ്ടല്ലെന്നും” അദ്ദേഹം വ്യക്തമാക്കി. ഇഡി നടപടികളെ ഭയന്ന് കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയിൽ ചേർന്നതോടെ അന്വേഷണങ്ങൾ നിലച്ച സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അനുഭവം രാജ്യത്തിന് മുന്നിലുണ്ട്. എന്നിരിക്കെ, ഇഡി അന്വേഷണത്തിൽ കഴമ്പില്ലെങ്കിൽ പിന്നെ പ്രശ്നമില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ അപഹാസ്യമാണെന്നും അബ്ദുൽ ഖാദർ വിമർശിച്ചു.
മനുഷ്യാവകാശ പ്രവർത്തകനായ സച്ചിദാനന്ദൻ ഇഡിയുടെ പ്രവർത്തനരീതികളെക്കുറിച്ച് ഇത്തരം നിലപാട് സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇഡി വേട്ടയാടലുകൾക്കെതിരെ സിപിഎം പ്രതികരിക്കരുതായിരുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ഒരു കവിയിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകനിൽ നിന്നും ഇത്തരം പരാമർശങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

