വിമാന ഇന്ധന വിലയിലുണ്ടായ വർധന മൂലം രാജ്യത്തെ പ്രധാന വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നു. വരും 2–3 മാസങ്ങളിലായി സർവീസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലഭ്യമായ അനൗദ്യോഗിക കണക്കുകൾ പ്രകാരം, എയർ ഇന്ത്യ തങ്ങളുടെ സർവീസുകളിൽ 22 ശതമാനവും, ഇൻഡിഗോ 7 മുതൽ 10 ശതമാനം വരെയും കുറവ് വരുത്താനാണ് സാധ്യത. എന്നാൽ, ഇതുമായി ബന്ധപ്പെട്ട
ഔദ്യോഗിക പ്രഖ്യാപനം കമ്പനികൾ ഇതുവരെ നടത്തിയിട്ടില്ല. ഈ തീരുമാനം വിമാന നിരക്കുകളിൽ വർധനവുണ്ടാക്കുന്നതിനും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
നേരത്തെ, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ പ്രതിവാരം 140-ലധികം രാജ്യാന്തര സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഏഴ് രാജ്യാന്തര റൂട്ടുകളിലെ സർവീസുകൾ പൂർണമായും നിർത്തിവെച്ചതിന് പുറമെ, മറ്റ് റൂട്ടുകളിലും സർവീസുകൾ ഗണ്യമായി വെട്ടിക്കുറച്ചിരുന്നു.
ഇതുകൂടാതെ, എയർ ഇന്ത്യയുടെ മൊത്തം രാജ്യാന്തര സർവീസുകളിൽ 27 ശതമാനത്തോളം കുറവ് വരുമെന്നും കണക്കാക്കപ്പെടുന്നു. ഇന്ധന വിലക്കയറ്റവും നിയന്ത്രണങ്ങളും
വിമാന ഇന്ധന വിലയിലുണ്ടായ കുതിച്ചുചാട്ടവും, പശ്ചിമേഷ്യൻ സംഘർഷങ്ങൾ മൂലം വ്യോമഗതാഗതത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് വിമാനക്കമ്പനികൾക്ക് തിരിച്ചടിയായത്.
നിലവിൽ എയർ ഇന്ത്യ പ്രതിവാരം 4,400 സർവീസുകളാണ് നടത്തിയിരുന്നത്. ഇതിൽ 3,600 എണ്ണം ആഭ്യന്തര സർവീസുകളും 800 എണ്ണം രാജ്യാന്തര സർവീസുകളുമാണ്.
പുതിയ തീരുമാനത്തിന്റെ ഭാഗമായി പ്രതിവാരം 790 ആഭ്യന്തര സർവീസുകൾ കുറയാനാണ് സാധ്യത. റദ്ദാക്കപ്പെടുന്ന വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ബദൽ സംവിധാനങ്ങളിലൂടെ യാത്ര ഉറപ്പാക്കുകയോ, ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

