നീലേശ്വരം ദേശീയപാതയിലെ മാർക്കറ്റ് ജംക്ഷനിൽ എലിവേറ്റഡ് ബ്രിജ് നിർമിക്കണമെന്നാവശ്യപ്പെട്ട് നടന്നു വരുന്ന സമരത്തെ ചൊല്ലി ജനകീയ സമരസമിതിയും മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ. സമരസമിതിയുടെ വാട്സാപ് ഗ്രൂപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റിനെയും വ്യാപാരി സമൂഹത്തെയും അധിക്ഷേപിച്ചതായി പരാതി ഉയർന്നതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്.
ഇക്കാര്യം ഉന്നയിച്ച് മർച്ചന്റ്സ് അസോസിയേഷൻ നീലേശ്വരം യൂണിറ്റ് പൊലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന്, അധിക്ഷേപിച്ചവരെ ചോദ്യം ചെയ്യാനായി വ്യാപാരികൾ സമരപ്പന്തലിന് സമീപമെത്തിയത് ഇരുവിഭാഗവും തമ്മിലുള്ള വാഗ്വാദത്തിന് വഴിവെച്ചു.
സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഉടൻ ഇടപെട്ടാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്. തങ്ങളുടെ ഭാരവാഹികളെയും പ്രവർത്തകരെയും മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകർ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ജനകീയ സമരസമിതിയും നീലേശ്വരം പൊലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നഗരത്തിൽ നിലവിൽ രണ്ട് സമരപ്പന്തലുകൾ പ്രവർത്തിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സത്യഗ്രഹം 29-ാം ദിനത്തിലേക്ക് മാർക്കറ്റ് ജംക്ഷനിൽ എലിവേറ്റഡ് ബ്രിജ് ആവശ്യപ്പെട്ട് നഗരസഭാ കർമസമിതി നടത്തുന്ന സത്യഗ്രഹ സമരം 29-ാം ദിവസത്തിലേക്ക് കടന്നു.
ഇതിന്റെ ഭാഗമായി നടന്ന ചടങ്ങ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ടി.പി.ബീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, വൈസ് ചെയർപഴ്സൻ പി.എം.സന്ധ്യ, ഷമീന മുഹമ്മദ്, കെ.സതീശൻ, കെ.വി.സുരേഷ് കുമാർ, രഘുവീർ പൈ, സി.വി.പ്രകാശൻ, ഗംഗാധരൻ, എ.വിനോദ് കുമാർ, പി.സക്കീർ, ശുഭ പ്രകാശ്, കല്ലായി അഷറഫ്, കെ.പി.നസീർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, വി.വി.കുഞ്ഞിക്കൃഷ്ണൻ, പി.കെ.രജിത, ടി.വി. സുനിത, വി.രാജം, കെ.ജാനു, പ്രദീപൻ ഇട്ടപ്പുറം, പി.വി.സതീശൻ, കെ.പി.ശ്രീനിവാസൻ, സേതു ബങ്കളം എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

