നഗരസഭയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച പരാതികൾ പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെ, സ്വന്തം നിലയിൽ ഇടപെടലുമായി കൗൺസിലർ. ഒറ്റപ്പാലം ഈസ്റ്റ് കോലോത്തുകുന്നു വാർഡ് കൗൺസിലർ എം.ഉമ്മർ ഫാറൂഖ് ആണ് വാർഡിലെ തകരാറിലായ തെരുവുവിളക്കുകൾ സ്വന്തം ഫണ്ട് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചത്.
ഇതിനായി ഏകദേശം ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. നഗരപരിധിയിലെ ഭൂരിഭാഗം പ്രദേശങ്ങളും മാസങ്ങളായി ഇരുട്ടിലാണ്.
വാർഡുകളിൽ തെരുവുവിളക്കു പരിപാലനത്തിനായി ലക്ഷക്കണക്കിന് രൂപയുടെ വാർഷിക കരാറുകൾ നിലവിലുണ്ടെങ്കിലും പ്രായോഗികതലത്തിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും കരാർ പ്രകാരമുള്ള സേവനം ലഭിക്കുന്നില്ലെന്ന് വിമർശനമുയരുമ്പോഴും പരിഹാരങ്ങൾ വൈകുന്നത് പതിവാണ്.
ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കൗൺസിലർ മുൻകൈ എടുത്തത്. മൊത്ത വിപണിയിൽ നിന്ന് 50 വോൾട്ടിന്റെ 100 ലൈറ്റുകളാണ് ഇതിനായി വാങ്ങിയത്.
ഇതിൽ 40 എണ്ണം സെൻസർ സംവിധാനമുള്ളതും ബാക്കി സാധാരണ ലൈറ്റുകളുമാണ്. ലൈറ്റുകൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള മുഴുവൻ ചെലവും എം.ഉമ്മർ ഫാറൂഖ് തന്നെയാണ് വഹിച്ചത്.
വാറന്റിയോട് കൂടിയ ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “സെൻസറോടു കൂടിയ ലൈറ്റ് ഒന്നിന് 1200 രൂപയും സാധാരണ ലൈറ്റിന് 1000 രൂപയുമാണു മൊത്ത വിപണിയിലെ നിരക്ക്.” വാർഡിലെ തകരാറിലായ ലൈറ്റുകളിൽ ഇതിനകം മാറ്റിസ്ഥാപിച്ചവ കൂടാതെ, ബാക്കിയുള്ളവ കൂടി ഉടൻ നന്നാക്കാനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുന്നുണ്ട്.
കരുതലായി കുറച്ച് പുതിയ ലൈറ്റുകൾ കൂടി സൂക്ഷിക്കാനുള്ള നീക്കത്തിലാണ് കൗൺസിലർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

