താമരശ്ശേരി ചുരത്തിൽ തുടരുന്ന അറ്റകുറ്റപ്പണികളും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും കാരണം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വർധിക്കുന്നു. സ്കൂൾ അവധിക്കാലവും പെരുന്നാൾ തിരക്കും ഒന്നിച്ചെത്തിയതോടെ ചുരം പാതയിൽ വാഹനങ്ങളുടെ നീണ്ട
നിരയാണ് അനുഭവപ്പെട്ടത്. ഏപ്രിൽ 27-ന് രാവിലെ 7 മണിയോടെ വളപട്ടണത്ത് നിന്നെത്തിയ സംഘം, ഒരു മാസം മുൻപ് ആറാം വളവിലെ കൊക്കയിലേക്ക് മറിഞ്ഞ കൂറ്റൻ യന്ത്രം ഉയർത്താൻ ശ്രമിച്ചതാണ് ഗതാഗത സ്തംഭനം രൂക്ഷമാക്കിയത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡിന് കുറുകെ ഇരുമ്പ് വടം കെട്ടി യന്ത്രം ഉയർത്താൻ തുടങ്ങിയതോടെ അടിവാരം മുതൽ ലക്കിടി വരെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മുൻകൂട്ടി അറിയിപ്പുകൾ നൽകാതെയുള്ള ഈ നടപടി യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചു.
ചുരത്തിലെ 6, 7, 8 വളവുകളുടെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും നിയന്ത്രണമുണ്ടായിരുന്നെങ്കിലും, പല വാഹനങ്ങളും നിയമം ലംഘിച്ച് എത്തിയത് തടസ്സം രൂക്ഷമാക്കി. ഡ്യൂട്ടിയിൽ ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതും സ്ഥിതി കൂടുതൽ വഷളാക്കി.
ഉച്ചയ്ക്ക് ഒന്നുമണിയോടെ യന്ത്രം ഉയർത്തിയെങ്കിലും, ഇരുമ്പ് വടം അഴിച്ചുമാറ്റാൻ തന്നെ രണ്ട് മണി കഴിഞ്ഞു. വൈകിട്ട് നാല് മണിയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനായത്.
ചൊവ്വാഴ്ച എട്ടാം വളവിന് സമീപം ലോറി ബൈക്കിലും കാറിലും ഇടിച്ച് ഓടയിലേക്ക് മറിഞ്ഞ സംഭവവും ചുരത്തിലെ ഗതാഗതത്തെ കാര്യമായി ബാധിച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി സി.കെ.കാസിം എംഎൽഎ ചുരത്തിലെ നവീകരണ പ്രവൃത്തികളുടെ പുരോഗതി നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയ സി.കെ.കാസിം എംഎൽഎയും ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.
തുടർന്ന് ദേശീയപാതാ വിഭാഗം അധികൃതരുമായി അദ്ദേഹം ചർച്ച നടത്തി. “ചുരം നവീകരണം കൃത്യസമയത്ത് പൂർത്തിയാക്കണം” എന്ന് എംഎൽഎ കർശന നിർദേശം നൽകി.
കൂടാതെ, നവീകരണ പ്രവൃത്തികൾ തീരുന്നത് വരെ ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം കർശനമായി തുടരണമെന്നും, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
വ്യൂ പോയിന്റിന് സമീപം മലയിടിച്ചിൽ സാധ്യതയുള്ള സ്ഥലത്ത് സംരക്ഷണ നെറ്റ് സ്ഥാപിക്കുന്നത് അടിയന്തരമായി പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അവലോകന യോഗത്തിൽ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, വൈസ് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ വി.കെ.ഹുസൈൻകുട്ടി, ടി.ആർ.ഒ.കുട്ടൻ, ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരായ കെ.വി.സൂജീഷ്, എം.സലിം, ജനപ്രതിനിധികളായ രാജേഷ് ജോസ്, ബിന്ദു സന്തോഷ് എന്നിവരടക്കമുള്ളവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

