മൈസൂരുവിൽ നഴ്സിങ് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൃശൂർ സ്വദേശിനിയായ വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യ (18) ആണ് ദാരുണമായി മരിച്ചത്.
ബുധനാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു ആര്യ.
കോളജിലെ താമസ സൗകര്യങ്ങളിലും ഭക്ഷണത്തിലും തൃപ്തിയില്ലാത്തതിനെ തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ ആര്യ തീരുമാനിക്കുകയായിരുന്നു. ആര്യയെ കൂട്ടിക്കൊണ്ടുവരാനായി പിതാവ് സുരേന്ദ്രൻ മൈസൂരുവിലെത്തിയിരുന്നു.
പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ എതിരെ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പിതാവ് സുരേന്ദ്രന് പരുക്കേറ്റെങ്കിലും അത് സാരമുള്ളതല്ല.
സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. സഹോദരൻ: ആകാശ്.

