ആലപ്പുഴ നഗരസഭാ പരിധിയിൽ ദേശീയപാത അതോറിറ്റിയുടെ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് തോടുകൾ നികത്തിയ നടപടി പ്രദേശവാസികളെ ദുരിതത്തിലാക്കി. തോടുകൾക്ക് മുകളിൽ ഓടകളും സർവീസ് റോഡുകളും നിർമിച്ചതോടെ നീരൊഴുക്ക് തടസ്സപ്പെടുകയും 300-ലേറെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വീടുകൾക്കുള്ളിൽ വെള്ളം കയറിയതോടെ വയോജനങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവർ കടുത്ത ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. പ്രദേശത്തെ നീരൊഴുക്ക് തടസ്സപ്പെട്ടത് മൂലം ജനജീവിതം സ്തംഭിച്ചിട്ടും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെള്ളം മുതലപ്പൊഴിയിലേക്ക് ഒഴുകിപ്പോകാൻ ഉണ്ടായിരുന്ന സ്വാഭാവിക തോടുകൾ ബൈപാസ് നിർമാണത്തിനായി മൂടിയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. കൂടാതെ, സായ് ഭാഗത്ത് സ്വകാര്യ വ്യക്തികൾ തോടുകൾ നികത്തിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
ഇന്നലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന, നികത്തിയ തോടുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന് വിലയിരുത്തി മടങ്ങി. പ്രതിസന്ധിയുടെ ഗൗരവം വിവരിച്ച് കളപ്പുര ചക്കാലയ്ക്കൽ വീട്ടിൽ സി.വി.ഗീതു പറയുന്നതിങ്ങനെ: ‘‘മൂന്നുനാലു ദിവസമായി വീട്ടിനകത്ത് വെള്ളമാണ്.
നാട്ടിലെ അഴുക്കു മുഴുവൻ ഒഴുകി വീടിനകത്തേക്കു വന്നു. കാലിൽ ചൊറിച്ചിലാണ്.
രോഗിയായ അമ്മയെ കിടത്താൻ സ്ഥലമില്ല. ശുചിമുറിയിൽ വെള്ളം നിറഞ്ഞു.
വീട്ടുപകരണങ്ങളെല്ലാം വെള്ളത്തിലായി. അയൽപക്കത്തെ കാൻസർ രോഗി അനുഭവിക്കുന്ന കഷ്ടപ്പാട് വളരെ വലുതാണ്.
ഈ പരിസരത്തു മാത്രം നൂറോളം വീടുകൾ വെള്ളത്തിൽ മുങ്ങി. രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ വനിതയായ ഞാൻ ഒറ്റയ്ക്ക് ബൈപാസിൽ സമരം ചെയ്യും.’’ വെള്ളക്കെട്ടിനെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയതായി കൗൺസിലർമാരായ ബേബി ലൂയീസ്, ബെന്നി ജോസഫ്, ബീന ജോസഫ് എന്നിവർ അറിയിച്ചു.
തോടുകൾ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം ബൈപാസ് നിർമാണത്തിനായുള്ള കോൺക്രീറ്റ് മിക്സിങ് യൂണിറ്റുകളുടെ പ്രവർത്തനം തടയുമെന്ന് അവർ മുന്നറിയിപ്പ് നൽകി. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺക്രീറ്റ് മിക്സിങ് പ്ലാന്റുകൾ കഴുകി വൃത്തിയാക്കിയപ്പോൾ ഉണ്ടായ മാലിന്യങ്ങൾ നികത്തിയ തോടുകളിലേക്ക് എത്തിയത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

