ഗുരുവായൂർ നഗരസഭ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ പുതിയ രണ്ട് ലോറികൾ മൂന്ന് വർഷമായി ടൗൺഹാൾ വളപ്പിൽ ഉപയോഗശൂന്യമായി കിടക്കുന്നു. അമൃത് പദ്ധതിയുടെ ഭാഗമായി 27 ലക്ഷം രൂപ മുടക്കി വാങ്ങിയ സീവേജ് ക്ലീനിങ് ലോറിയും, കുടിവെള്ള വിതരണത്തിനായി 15 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 12,000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറിയുമാണ് യാതൊരു ഉപയോഗവുമില്ലാതെ നശിക്കുന്നത്.
നഗരസഭാ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള ശുചിമുറി മാലിന്യങ്ങൾ ശേഖരിച്ച് ചക്കംകണ്ടം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കുന്നതിനായാണ് സീവേജ് ലോറി സ്വന്തമാക്കിയത്. എന്നാൽ പ്രദേശവാസികളുടെയും സിപിഐയുടെയും ഭാഗത്തുനിന്നുള്ള ശക്തമായ എതിർപ്പുകാരണം മുൻ എൽഡിഎഫ് ഭരണസമിതിക്കും ഇപ്പോഴത്തെ ഭരണസമിതിക്കും ഈ പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ല.
ഈ വാഹനം മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാൻ അമൃത് അധികൃതർ നിർദ്ദേശം നൽകിയെങ്കിലും, വാഹനം ഉപയോഗത്തിലാണെന്നാണ് നഗരസഭ അധികൃതർ റിപ്പോർട്ട് നൽകിയത്. മറ്റൊരു വാഹനമായ കുടിവെള്ള ടാങ്കർ ലോറിക്ക് വലിപ്പം കൂടുതലുള്ളതിനാൽ നഗരത്തിലെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയായത്.
ഇതേതുടർന്ന് നഗരസഭ നിലവിൽ കുടിവെള്ള വിതരണത്തിനായി സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുക്കുകയാണ്. ഇതിനായി ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തിൽ മാത്രം അധികമായി ചെലവഴിക്കുന്നത്.
മൊത്തം 42 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കാതെ നശിപ്പിച്ച് നഗരസഭയ്ക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെച്ച ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി പരാതി നൽകുമെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ ഈസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.
ജയപ്രകാശ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഈ രണ്ട് വാഹനങ്ങളും വീണ്ടും നിരത്തിലിറക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപ കൂടി ചെലവഴിക്കേണ്ട
അവസ്ഥയാണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

