ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ–എക്സാലോജിക് കേസിൽ ആശ്വാസകരമായ നിയമനടപടി. സംഭവത്തിൽ വിജിലൻസ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലേക്ക് തിരികെ അയക്കാനും തീരുമാനമായിട്ടുണ്ട്.
ആരോപണ വിധേയരായ വ്യക്തികളുടെ ഭാഗം കേൾക്കണമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവിനെ ചോദ്യം ചെയ്ത് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണനയ്ക്ക് എടുത്തത്.
അവധിക്കുശേഷം മാത്രമെ കേസ് പരിഗണിക്കുകയുള്ളൂ എന്നായിരുന്നു മുൻപുള്ള അറിയിപ്പ്. എന്നാൽ, കേസ് റജിസ്റ്റർ ചെയ്യപ്പെട്ടതായും തുടർനടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പിണറായിയുടെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട
ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ് ഇന്നത്തെ പ്രത്യേക ലിസ്റ്റിങ് നടത്തിയത്.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ അനുമതി തേടി നൽകിയ ഉപഹർജികൾ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) 66 (2) വകുപ്പ് പ്രകാരം കൈമാറുന്ന വിവരങ്ങൾക്കൊപ്പം ഗുരുതര കുറ്റകൃത്യം സ്ഥിരീകരിക്കുന്ന വസ്തുതകൾ കൂടി ലഭിച്ചാൽ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ജസ്റ്റിസ് കെ.നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നും അഴിമതിക്കേസിലെ പ്രതികൾക്ക് അത്തരത്തിലുള്ള അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

