തിരുവനന്തപുരം: മീൻപിടിത്ത ബോട്ടുമായി കൂട്ടിയിടിച്ച് അപകടം സൃഷ്ടിച്ചതിനെത്തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന സോളിസ് എന്ന കപ്പൽ കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനം. കപ്പൽ ആദ്യം കൊല്ലത്തേക്ക് കൊണ്ടുപോകാനായിരുന്നു ആലോചിച്ചിരുന്നത്.
എന്നാൽ വരാനിരിക്കുന്ന കാലവർഷം കണക്കിലെടുത്ത്, കടലടിയിൽ മണൽ അടിഞ്ഞുണ്ടാകാൻ സാധ്യതയുള്ള പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് കപ്പൽ കൊച്ചി തുറമുഖത്തേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചത്. ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, കപ്പൽ ഏജൻസി കൊല്ലം തുറമുഖ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് കപ്പൽ കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനമായത്. ഈ വിദേശ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടതിലൂടെ വാടക ഇനത്തിൽ ഏകദേശം 30 ലക്ഷം രൂപ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അധികൃതർ വ്യക്തമാക്കി.
കപ്പലിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ബങ്കറിംഗ് നടപടികളും പൂർത്തിയാക്കിയിരുന്നു. മാർച്ച് 7-ന് കന്യാകുമാരിക്കടുത്തുള്ള കടലിലാണ് അപകടം നടന്നത്.
കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ് ജോസഫ് എന്ന ബോട്ടാണ് കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയത്. അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്ത സ്വദേശികളായ ലഖാൻ ദാസ് (45), മകൻ ബാദൽ (23) എന്നിവരെ കടലിൽ കാണാതായിട്ടുണ്ട്.
മറ്റ് 9 പേർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മാർച്ച് 9-നാണ് കപ്പൽ വിഴിഞ്ഞം തീരത്തെത്തിച്ചത്.
കപ്പൽ തുറമുഖം വിട്ടുപോകരുതെന്ന് കൊച്ചി മർക്കൻന്റൈൽ മറൈൻ വകുപ്പ് കർശന നിർദേശം നൽകിയിട്ടുള്ളതിനാൽ, തുടർനടപടികൾ വരെ കപ്പൽ വിഴിഞ്ഞത്ത് തന്നെ തുടരുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

