തിരുവനന്തപുരം: വർക്കലയിൽ നിരപരാധിയായ 17കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ കർശന നടപടി വേണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് രംഗത്ത്. പൊലീസ് അതിക്രമം പുറത്തുപറഞ്ഞാൽ മാതാപിതാക്കളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ ഭയപ്പെടുത്തിയിരുന്നതായി അവർ വ്യക്തമാക്കി.
കുട്ടിക്ക് ക്രൂരമായ മർദ്ദനമാണ് ഏറ്റിട്ടുള്ളതെന്നും പരുക്കേൽക്കാത്ത സ്ഥിതിക്ക് സർക്കാർ ആശുപത്രികൾ പ്ലാസ്റ്ററിടാൻ തയ്യാറാകില്ലല്ലോ എന്നും അവർ ചൂണ്ടിക്കാട്ടി. യുവതിയുടെ പ്രതികരണം പുറത്തുവന്നത് 17കാരനെ പൊലീസ് മർദ്ദിച്ചെന്ന ആക്ഷേപം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ നിഷേധിച്ച പശ്ചാത്തലത്തിലാണ്.
ഒരു മാധ്യമത്തിന്റെ സംവാദ പരിപാടിയിൽ സംസാരിക്കവെയാണ് കുടുംബം ദുരിതങ്ങളും പൊലീസിന്റെ ക്രൂരതയും വെളിപ്പെടുത്തിയത്. “ഞങ്ങൾ പാവങ്ങളാണ് സാറേ.
വല്ലാതെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. 5000 രൂപ വാടക കൊടുക്കണം.
വീടുപോലുമില്ല. കഷ്ടപ്പാട് കണ്ട് ഞങ്ങളുടെ കുഞ്ഞ് ജോലിക്ക് പോകാമെന്ന് സ്വയം പറഞ്ഞതാണ്.
കൊണ്ടുവരുന്ന 200 രൂപ ഞങ്ങൾക്ക് സഹായമായിരുന്നു. കുഞ്ഞിനെ അവർ ക്രൂരമായി ഉപദ്രവിച്ചു.
പരസഹായമില്ലാതെ അവന് ഒന്നും ചെയ്യാൻ കഴിയില്ല. നേരെ ഭക്ഷണം കഴിക്കാനോ മലമൂത്രവിസർജനം നടത്താനോ സാധിക്കുന്നില്ല.
എല്ലാവരും ഞങ്ങൾക്കൊപ്പം നിൽക്കണം. ഞങ്ങൾക്ക് നീതി വേണം,” പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് പറഞ്ഞു.
മറ്റൊരു പ്രതിയെ അന്വേഷിച്ച് എത്തിയ പൊലീസ്, താൻ ജോലി ചെയ്തിരുന്ന മന്തിക്കടയിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ചവിട്ടിയെന്ന് മർദ്ദനമേറ്റ കുട്ടിയും വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യക്തമാണെന്നും കുട്ടി പറഞ്ഞു.
തങ്ങളെ പിടികൂടിയാൽ മറ്റൊരു പ്രതിയെയും കിട്ടുമെന്നാണ് പൊലീസ് പറഞ്ഞത്. തനിക്ക് അപസ്മാര രോഗമുണ്ടെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല.
മർദ്ദന വിവരം പുറത്തുപറഞ്ഞാൽ വീട്ടുകാരെക്കൂടി കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

