കണ്ണൂരിൽ തൊണ്ടയിലെ ശസ്ത്രക്രിയയെ തുടർന്ന് സൂര്യജിത്ത് (17) എന്ന കൗമാരക്കാരൻ മരണപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
ചികിത്സാ വേളയിലുണ്ടായ അതീവ ഗുരുതരമായ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും, ശസ്ത്രക്രിയ നിർവഹിച്ച ഡോക്ടർക്കും ക്ലിനിക്കിനും യാതൊരുവിധ ഔദ്യോഗിക രജിസ്ട്രേഷനും ഉണ്ടായിരുന്നില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ യാതൊരുവിധ പിഴവുമില്ലെന്ന മുൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവസാനിപ്പിച്ച കേസിൽ, ബന്ധപ്പെട്ട
ഡോക്ടർക്ക് യോഗ്യതയോ രജിസ്ട്രേഷനോ ഉണ്ടോ എന്ന് പരിശോധിക്കാൻ പോലും പൊലീസോ ഡിഎംഒയോ തയ്യാറായില്ലെന്നും കമ്മീഷൻ രൂക്ഷമായി വിമർശിച്ചു. ഈ പശ്ചാത്തലത്തിൽ കേസിൽ സമഗ്രമായ തുടരന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ 2024 ജൂലായ് മാസത്തിലാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. തൊണ്ട
സംബന്ധമായ ശസ്ത്രക്രിയയ്ക്കായി കണ്ണൂർ സ്വദേശിയായ സൂര്യജിത്തിനെ നഗരത്തിലെ പ്രിയ ഇഎൻടി ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം ദിവസം കടുത്ത രക്തം ഛർദിയെ തുടർന്ന് അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശസ്ത്രക്രിയയിലുണ്ടായ പിഴവിനുപുറമേ, ഗുരുദരാവസ്ഥയിലായ കുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ നിന്നും വേണ്ടത്ര ചികിത്സ ലഭ്യമാക്കിയില്ലെന്നുമായിരുന്നു കുടുംബത്തിന്റെ പ്രധാന ആരോപണം. തുടർന്ന് കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് അന്വേഷണങ്ങൾ നടന്നിരുന്നു.
കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് ഡിഎംഒയുടെ നേതൃത്വത്തിലുള്ള ആദ്യ അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാൽ, ഇതേ ഡിഎംഒ ഉൾപ്പെട്ട
പിന്നീട് രൂപീകരിച്ച മെഡിക്കൽ ബോർഡ് പരിശോധനയിൽ ഡോക്ടർക്കോ ചികിത്സാ രീതികൾക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിരുദ്ധ റിപ്പോർട്ടാണ് നൽകിയത്. ഈ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെ പ്രസ്തുത കേസ് അവസാനിപ്പിക്കപ്പെടുകയായിരുന്നു.
ഇതിൽ മനംനൊന്താണ് കുട്ടിയുടെ കുടുംബം പിന്നീട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തുടർന്ന് കമ്മീഷൻ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ നടന്നത് പുറത്തുവന്നത്.
കുട്ടിയ്ക്ക് ശസ്ത്രക്രിയ നിർവഹിച്ച ഡോ. സന്ദേശ് പ്രിയദർശന് കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഇല്ലായിരുന്നുവെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
കൂടാതെ, ശസ്ത്രക്രിയ നടന്ന പ്രിയ ഇഎൻടി ക്ലിനിക്കിനും, തുടർന്ന് കുട്ടിയെ പ്രവേശിപ്പിച്ച ഫാത്തിമ ഹോസ്പിറ്റലിനും ആ സമയത്ത് ഔദ്യോഗിക രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രക്തം ഛർദിച്ച് അതീവ ഗുരുദരാവസ്ഥയിലായ 17-കാരന് കൃത്യസമയത്ത് അടിയന്തര ചികിത്സ നൽകുന്നതിൽ വലിയ വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇതിനുപുറമേ, കുട്ടിയെ പ്രവേശിപ്പിച്ച കണ്ണൂരിലെ ഫാത്തിമ ആശുപത്രിയിലെ മെഡിക്കൽ രേഖകളിൽ തിരുത്തലുകൾ വരുത്തിയതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ ഡിഎംഒയോ പൊലീസോ ഡോക്ടർക്കോ ആശുപത്രിക്കോ യാതൊരുവിധ രജിസ്ട്രേഷനും ഉണ്ടോ എന്ന് പരിശോധിക്കാൻ പോലും മെനക്കെട്ടില്ലെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിലാണ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ തന്നെ അന്വേഷണം നടത്തണമെന്നാണ് കമ്മീഷന്റെ കർശന നിർദേശം.
ഇതോടൊപ്പം, സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെയും ഡോക്ടർമാർക്കും ക്ലിനിക്കൽ ജീവനക്കാർക്കും ആവശ്യമായ യോഗ്യതയും രജിസ്ട്രേഷനും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് കർശനമായി ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണ റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കാൻ ഡിജിപിക്കും ആരോഗ്യ വകുപ്പിനും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

