ജറുസലം ∙ പ്രധാനമന്ത്രിസ്ഥാനത്തേക്ക് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട് ഭൂരിപക്ഷം പേരുടെ പിന്തുണ ഉറപ്പിച്ചെങ്കിലും പ്രസിഡന്റിന്റെ തീരുമാനം വൈകുന്നു. ആർക്കാണ് അധികാരം ഏറ്റെടുക്കാനാകുക എന്നതിൽ വ്യക്തതയായിട്ടില്ലെന്നു പറഞ്ഞ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ്, പ്രധാനമന്ത്രിസ്ഥാനാർഥിയെ നാളെ നിർദേശിക്കുമെന്നും വ്യക്തമാക്കി.
ഒക്ടോബർ 27നു നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കാവൽപ്രധാനമന്ത്രിയായി തുടരുന്ന ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിലെ ജൂത പാർട്ടികളിലൊന്ന് പിന്തുണ പിൻവലിക്കുകയും 2 അറബ് പാർട്ടികൾ ഐസൻകോട്ടിന്റെ സഖ്യത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
120 പാർലമെന്റ് അംഗങ്ങളിൽ 67 പേരുടെ പിന്തുണ നിലവിൽ ഐസൻകോട്ടിനുണ്ട്; നെതന്യാഹുവിന് 46 പേരുടെ പിന്തുണയേ ഉറപ്പിക്കാനായിട്ടുള്ളൂ. ഫലം വ്യക്തമാണെന്നു തോന്നുമെങ്കിലും വിവിധ വിഭാഗങ്ങൾക്കിടയിൽ തർക്കങ്ങളുള്ളതിനാൽ ആർക്കാണു സർക്കാർ രൂപീകരിക്കാനാകുകെന്നു പറയാനാകില്ലെന്ന് ഹെർസോഗ് ടെലിവിഷൻ അഭിസംബോധനയിൽ പറഞ്ഞു.
വിവിധ നേതാക്കളുമായുള്ള ചർച്ചകൾക്കുശേഷം ഞായറാഴ്ച തീരുമാനമറിയിക്കുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിസ്ഥാനത്തേക്കു നാമനിർദേശം ചെയ്യുപ്പെടുന്നയാൾക്കു സർക്കാർ രൂപീകരിക്കാൻ 28 ദിവസം ലഭിക്കും.
ആവശ്യമെങ്കിൽ പിന്നീട് 14 ദിവസം കൂടി നീട്ടിനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

