വരാനിരിക്കുന്ന ഗാലക്സി എസ് 27 സ്മാർട്ട്ഫോൺ നിരയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു. മുൻനിര മോഡലുകളിൽ ഡ്യുവൽ-ചിപ്പ് തന്ത്രം തന്നെയാകും കമ്പനി തുടരുക എന്നാണ് ലഭ്യമാകുന്ന സൂചനകൾ.
പ്രമുഖ ദക്ഷിണ കൊറിയൻ ചോർച്ചാ വിദഗ്ധനായ yeux1122 പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, ഗാലക്സി എസ് 27 അൾട്രാ, ഗാലക്സി എസ് 27 പ്രോ എന്നീ ഫോണുകളിൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രൊസസറായിരിക്കും ഉപയോഗിക്കുന്നത്.
എന്നാൽ സാധാരണ, പ്ലസ് മോഡലുകളിൽ കമ്പനിയുടെ സ്വന്തം നിർമ്മിത എക്സിനോസ് സിലിക്കൺ തന്നെ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഉയർന്ന വിലയും മികച്ച പ്രകടനവും കണക്കിലെടുത്താണ് അൾട്രാ മോഡലിനായി ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രൊസസർ തെരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം ഗാലക്സി എസ് 27 പ്രോ പതിപ്പിൽ എക്സ്ട്രീം അല്ലാത്ത സ്റ്റാൻഡേർഡ് ചിപ്പ് ആയിരിക്കും ഉണ്ടാവുക. എസ് 27, എസ് 27 പ്ലസ് മോഡലുകളിൽ എക്സിനോസ് 2700 പ്രൊസസർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ചില ബെഞ്ച്മാർക്ക് റിപ്പോർട്ടുകളിൽ എക്സിനോസ് ചിപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചതായും സ്നാപ്ഡ്രാഗൺ ചിപ്പിന് ചൂടാകുന്ന പ്രശ്നങ്ങൾ ഉണ്ടായതായും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളി ക്വാൽകോം ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഡൊൺ മഗ്വയർ രംഗത്തെത്തി.
ചിപ്പുകൾക്ക് സിസ്റ്റമാറ്റിക് താപ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പ്രൊസസറുകൾക്ക് പുറമെ ഹാൻഡ്സെറ്റുകളുടെ ബാറ്ററി ശേഷിയെക്കുറിച്ചുള്ള വിവരങ്ങളും സർട്ടിഫിക്കേഷൻ രേഖകൾ വഴി പുറത്തുവന്നിട്ടുണ്ട്.
ഗാലക്സി എസ് 27 അൾട്രാ മോഡലിൽ 5700mAh ബാറ്ററിയും, ഗാലക്സി എസ് 27 പ്രോ പതിപ്പിൽ 5200mAh ബാറ്ററിയും ഉൾപ്പെടുത്തുമെന്നാണ് സൂചന. മുൻ തലമുറകളിലെ 5000mAh പരിധിയിൽ നിന്നുളള വലിയൊരു മാറ്റമാണിത്.
ഫോണുകളുടെ പിൻഭാഗത്ത് പുതിയ ദീത്രാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഇടംപിടിക്കും. പുതിയ ഫ്ലാഗ്ഷിപ്പ് സീരീസ് 2027 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

