ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യസംസ്കരണവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപ്പഞ്ചായത്ത് എന്ന അഭിമാന നേട്ടം നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് സ്വന്തമാക്കി. നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ പഞ്ചായത്തിന്റെ ഇ-മാലിന്യമുക്ത പ്രഖ്യാപനം നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ആകെ 5,423 കിലോഗ്രാം ഇ-മാലിന്യമാണ് ഈ പ്രദേശത്തുനിന്നും വിജയകരമായി ശേഖരിച്ചത്. ഇതിൽ ആദ്യ ഘട്ടത്തിൽ 3,395 കിലോഗ്രാമും രണ്ടാം ഘട്ടത്തിൽ 2,028 കിലോഗ്രാമും ഇ-മാലിന്യമാണ് ഹരിതകർമസേനയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നീക്കം ചെയ്തത്.
കൃഷിമന്ത്രി ടി.സിദ്ദീഖിന്റെ വിഭാവനയിലുള്ള ‘ഭൂമി കോൺക്ലേവ്’ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ‘ഇ-മാലിന്യമുക്ത വയനാട്’ പദ്ധതിയുമായി ചേർന്നുനിൽക്കുന്നതാണ് നൂൽപ്പുഴയുടെ ഈ വലിയ മുന്നേറ്റം. ജില്ലയെ സമ്പൂർണമായി ഇ-മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഇതോടെ വലിയ ഊർജമാണ് ലഭിച്ചിരിക്കുന്നത്.
ഇ-മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്കരണരീതികൾ ഒഴിവാക്കി അവ കൃത്യമായ ശാസ്ത്രീയ മാർഗങ്ങളിലൂടെ കൈമാറ്റം ചെയ്യുക വഴി പരിസ്ഥിതി സൗഹൃദപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നേട്ടം കൈവരിച്ചതോടൊപ്പം അത് വരുംകാലങ്ങളിലും തടസ്സമില്ലാതെ നിലനിർത്താൻ ശക്തമായ കർമ്മപദ്ധതികളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ വ്യക്തമാക്കി.
ഭാവിയിലും കൃത്യമായ ഇടവേളകളിൽ ഇ-മാലിന്യ ശേഖരണം തുടരുക, ജനങ്ങളിൽ അവബോധം വളർത്തുക, പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, ശേഖരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾക്കായി പ്രത്യേക ഏകോപനം ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിൽ ഹരിതകർമസേനാംഗങ്ങളും ബന്ധപ്പെട്ട
ഉദ്യോഗസ്ഥരും അഭിനന്ദനാർഹമായ സേവനമാണ് കാഴ്ചവെച്ചത്. ഒപ്പം പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ച പൂർണ്ണ പിന്തുണയും ഈ വിജയത്തിന് കരുത്തേകി.
ചടങ്ങിൽ എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ പി.സി.മജീദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ.ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ്, ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി കൈനിക്കൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ പുഷ്പ അനൂപ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ നസീറ ഇസ്മായിൽ, ജില്ലാ പ്ലാനിങ് ഓഫിസർ കലാമുദ്ദീൻ, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ സജീഷ് കുമാർ, പ്രോഗ്രാം ഓഫിസർ അനൂപ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ സി.ആർ.
നിതീഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

