കൊല്ലം ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിന്റെ നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഷെഡിന്റെ പ്രവർത്തനം പൂർണ തോതിൽ ആരംഭിക്കുന്നതോടെ മേഖലയിലെ യാത്രാദുരിതത്തിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചെന്നൈയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജരും എൻ.കെ.പ്രേമചന്ദ്രൻ എംപിയുമായി നടന്ന ഉന്നതതല ചർച്ചയിലാണ് റെയിൽവേ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. കൊല്ലം റെയിൽവേ സ്റ്റേഷൻ സർവീസ് കെട്ടിടം, ഗ്യാങ് റെസ്റ്റ് റൂം, എസ്എസ്ഇ വർക്ക് കെട്ടിടം, മൾട്ടി ലെവൽ കാർ പാർക്കിങ് എന്നിവയുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
കൂടാതെ ഫുട്ഓവർ ബ്രിജ്, എയർ കോൺകോഴ്സ്, നോർത്ത് ടെർമിനൽ കെട്ടിടം, സബ് സ്റ്റേഷൻ, പ്ലാറ്റ്ഫോം നവീകരണം തുടങ്ങിയ പ്രവൃത്തികളും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. കൊല്ലം–ചെങ്കോട്ട
പാതയിലെ സർവീസുകളുടെ വേഗത വർധിപ്പിക്കുന്നതിനും കൂടുതൽ കോച്ചുകൾ അനുവദിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനമായി. പ്ലാറ്റഫോമുകളുടെ നീളക്കുറവാണ് കോച്ചുകൾ വർധിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്.
ഇതിന് പരിഹാരമായി പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നിലവിലുള്ള വളവുകളും ചരിഞ്ഞ ഭൂപ്രകൃതിയും പരിഗണിച്ച് ട്രെയിനുകളുടെ വേഗത എങ്ങനെ വർധിപ്പിക്കാമെന്ന് പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കും.
കൂടാതെ കൊല്ലം റെയിൽവേ ഹെൽത്ത് യൂണിറ്റിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുവനന്തപുരം, മധുര ഡിവിഷനുകളുടെ പരിധിയിൽ വരുന്ന 26 റെയിൽവേ മേൽപാലങ്ങളിൽ 10 എണ്ണത്തിന് ഇതിനകം നിർമാണ അനുമതി നൽകിയിട്ടുണ്ട്.
11 മേൽപാലങ്ങളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടും മറ്റ് 5 എണ്ണത്തിന്റെ പ്രോജക്ട് റിപ്പോർട്ടുകൾ തയാറാക്കുന്നതിനും അനുമതിയായിട്ടുണ്ട്. കൊല്ലം വഴി സർവീസ് നടത്തുന്ന മുഴുവൻ ട്രെയിനുകളിലെയും പഴയ കോച്ചുകൾ മാറ്റി ആധുനിക എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി.
യാത്രാക്ലേശത്തിന് പരിഹാരം രാവിലെ 8.10 നും വൈകുന്നേരം 5.30 നുമിടയിൽ ചെങ്കോട്ട–കൊല്ലം റൂട്ടിലെ യാത്രാദുരിതം ലഘൂകരിക്കുന്നതിനായി തിരുനെൽവേലി-കൊല്ലം സർവീസ് ആരംഭിക്കാൻ മുൻഗണന നൽകും. മെമു സർവീസിനായുള്ള ട്രയൽ റൺ നടത്തി റേക്കുകൾ ലഭിക്കുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കും.
പുനലൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നാം ട്രാക്കും രണ്ടാം ടെർമിനലും യാഥാർത്ഥ്യമാക്കുന്നതിനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. ചെങ്കോട്ടയിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കൊല്ലത്തേക്ക് നീട്ടുക, പുനലൂർ-മധുര ട്രെയിൻ പുതുച്ചേരിയിലേക്കു ദീർഘിപ്പിക്കുക, കൊല്ലം-ചെങ്കോട്ട
വഴി പുതുച്ചേരിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുക, തിരുവനന്തപുരം-താംബരം സ്പെഷൽ, കൊല്ലം-ഹുബള്ളി, കൊല്ലം – എഗ്മൂർ എന്നീ സർവീസുകൾ ദിവസേനയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളിലും റെയിൽവേ അനുകൂല നടപടികൾ സ്വീകരിക്കും. സ്റ്റേഷൻ നവീകരണം പരവൂർ സ്റ്റേഷനിൽ 31.94 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി.
ഇരവിപുരം റെയിൽവേ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളും ഉയർത്തുന്ന പ്രവൃത്തികൾ വരുന്ന ഡിസംബറിൽ പൂർണമാകുമെന്നാണ് കണക്കാക്കുന്നത്. മയ്യനാട് റെയിൽവേ സ്റ്റേഷനിൽ മാനദണ്ഡങ്ങളിൽ പറയുന്നതിനേക്കാൾ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
1.02 കോടി രൂപ ചെലവഴിച്ച് രണ്ടാം പ്ലാറ്റ്ഫോം ഉയർത്തുന്ന നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ പൂർത്തിയായത്. ഒന്നാം പ്ലാറ്റ്ഫോം നവീകരണം ഉൾപ്പെടെയുള്ള മറ്റ് പ്രവൃത്തികളുടെ ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
കിളികൊല്ലൂർ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കുന്ന പ്രവൃത്തിക്കും ചന്ദനത്തോപ്പ് സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഉയർത്തി നീളം കൂട്ടുന്നതിനുമുള്ള അനുമതി ലഭിച്ച് നിർമാണം പുരോഗമിക്കുകയാണ്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ 6.21 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ഇവയും ഈ വർഷം ഡിസംബറിൽ പൂർത്തീകരിക്കും. ഇടമൺ, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ന്യൂ ആര്യങ്കാവ്, കുണ്ടറ, കുണ്ടറ ഈസ്റ്റ്, ഭഗവതിപുരം തുടങ്ങിയ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ഉയർത്തൽ, നീളം കൂട്ടൽ, ഭിന്നശേഷിക്കാർക്കുള്ള യാത്രാസൗകര്യങ്ങൾ, പുതിയ ഷെൽട്ടറുകളുടെ നിർമാണം തുടങ്ങിയ വിവിധ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

