അരുണാചൽ പ്രദേശിൽ ഡാം നിർമ്മാണത്തിനെതിരെ ജനകീയ പ്രതിഷേധം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് സംഘർഷഭരിതമായി. പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പൗരാവകാശ പ്രവർത്തകൻ എബോ മിലി, യുവജന നേതാക്കളായ ഒട്ടുൽ ജെറാങ്, തജോങ് തലോം ഉൾപ്പെടെയുള്ള പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘാട്ടിൽ ആരംഭിച്ച പ്രക്ഷോഭത്തിനിടെ ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെ പ്രാദേശിക കാര്യാലയത്തിനും നിരവധി വാഹനങ്ങൾക്കും സമരക്കാർ തീയിട്ടു. കൂടാതെ പാസിഘാട്ട് പൊലീസ് സ്റ്റേഷനും പ്രാദേശിക ബി.ജെ.പി അധ്യക്ഷന്റെയും എം.എൽ.എമാരുടെയും വസതികൾക്കുനേരെയും വ്യാപക ആക്രമണങ്ങൾ അരങ്ങേറി.
സംസ്ഥാനത്തെ ക്രമസമാധാനനില പൂർണ്ണമായും തകർന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. സി.ആർ.പി.എഫ്, ആർ.എ.എഫ് തുടങ്ങിയ കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളെ വ്യോമസേനയുടെ വിമാനങ്ങളിലാണ് അരുണാചലിലേക്ക് എത്തിച്ചത്.
നിലവിലെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈസ്റ്റ് സിയാങ് അടക്കം മൂന്ന് അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ കല്ലേറിലും ഏറ്റുമുട്ടലിലും നാൽപ്പതിലേറെ പൊലീസുകാർക്കും നിരവധി സമരക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
സിയാങ് നദിയിൽ നിർമ്മിക്കാൻ നിശ്ചയിച്ചിരിക്കുന്ന കൂറ്റൻ ഡാം പദ്ധതി പ്രദേശത്തെ ആദിവാസി വിഭാഗങ്ങളുടെ ഭൂമിയെയും ജീവിതമാർഗ്ഗങ്ങളെയും പാരിസ്ഥിതിക വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നാരോപിച്ചാണ് നാട്ടുകാരും വടക്കുകിഴക്കൻ ജനകീയ സംഘടനകളും ശക്തമായ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അതേസമയം, സമരക്കാർ അക്രമ മാർഗ്ഗങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച് ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകണമെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

