തമിഴ് സിനിമാതാരം ധനുഷ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, തമിഴകത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പ്രതിരോധ നടപടികളുമായി രംഗത്ത്. ചെന്നൈയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, നടന്റെ രാഷ്ട്രീയ നീക്കങ്ങളെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
നടന്റെ ആരാധക സംഘടനയായ ‘ധനുഷ് നർപ്പണി മൻറം’ അടുത്തിടെ ‘ധനുഷ് നർപ്പണി ഇയക്കം’ എന്ന് പുനർനാമകരണം ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നത് രാഷ്ട്രീയ നിരീക്ഷകരും ശ്രദ്ധിക്കുന്നുണ്ട്. പ്രശസ്ത താരം വിജയ് സ്വീകരിച്ച അതേ മാതൃകയിലുള്ള ഈ സംഘടനാ മാറ്റമാണ് തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷികളെ അസ്വസ്ഥരാക്കുന്നത്.
വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് സമാനമായി ധനുഷും കളത്തിലിറങ്ങുമെന്ന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ധനുഷിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിൽ ഡൽഹിയിലെ ഉന്നത നേതൃത്വമാണെന്നാണ് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന ആരോപിക്കുന്നത്.
ധനുഷിന് ഒരിക്കലും വിജയിന്റെ എതിരാളിയാകാൻ കഴിയില്ലെന്ന് ടിവികെ നേതാവ് എൻ. മരിയ വിൽസണും വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളും ഈ വിഷയത്തിൽ കടുത്ത പ്രതികരണവുമായി എത്തിയിട്ടുണ്ട്. ധനുഷിന്റെ നീക്കങ്ങൾ ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യ തന്ത്രമാണെന്നും ഇതിനെ ‘ഓപ്പറേഷൻ ഡി’ അല്ലെങ്കിൽ ‘പ്ലാൻ സി’ എന്ന് വിശേഷിപ്പിക്കാമെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ ബി.
മാണിക്യം ടഗോർ അഭിപ്രായപ്പെട്ടത്. കഴിഞ്ഞദിവസം ധനുഷിന്റെ നർപ്പണി ഇയക്കം നടത്തിയ വനിതാ വിഭാഗത്തിന്റെ ചടങ്ങിൽ താരം നാലു മണിക്കൂറിലധികം സമയം ചെലവഴിച്ചിരുന്നു.
ഈ യോഗത്തിൽ വിതരണം ചെയ്ത സമ്മാനങ്ങളിൽ താമര ചിഹ്നം പതിപ്പിച്ചിരുന്നുവെന്ന ആരോപണവും ശക്തമാണ്. രാഷ്ട്രീയ പാർട്ടികളുടെ മാതൃകയിൽ യോഗങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഭരണപക്ഷവും പ്രതികരണവുമായി എത്തിയത്.
വിജയിന് രാഷ്ട്രീയത്തിലേക്ക് കടന്നുവരാമെങ്കിൽ ധനുഷിനും അതിനുള്ള അവകാശമുണ്ടെന്നായിരുന്നു ഡിഎംകെ മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന എസ്. രഘുപതിയുടെ പ്രതികരണം.
അതേസമയം, അണ്ണാഡിഎംകെ മുതിർന്ന നേതാവ് കെ.ടി. രാജേന്ദ്ര ബാലാജി ധനുഷിനെ സ്വന്തം പാർട്ടിയിലേക്ക് പരസ്യമായി ക്ഷണിച്ചു.
സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കായി ശബ്ദമുയർത്തുന്ന ധനുഷിന്റെ ചലച്ചിത്രങ്ങളിലെ നിലപാടുകളെയും അദ്ദേഹം ഈ അവസരത്തിൽ എടുത്തുപറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

