കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ നാടകീയ സംഭവങ്ങൾ. പൊലീസ് സ്റ്റേഷന് മുന്നിൽ പുലർച്ചെ ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.
സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ ഉണ്ടായത്. എംഡിഎംഎയും കഞ്ചാവും കൈവശം വെച്ചതിനും, സംഘം ചേർന്ന് അടിപിടി കൂടുകയും വാഹനം ഇടിപ്പിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്തതിനുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കാറിൽനിന്ന് 9 ഗ്രാം എംഡിഎംഎയും ഒന്നര ഗ്രാം കഞ്ചാവും പിടികൂടി. ഈ സംഭവത്തിൽ മുതുകാട് കിഴക്കയിൽ ആൽബിൻ സെബാസ്റ്റ്യൻ (26), കോടേരിച്ചാൽ മാവിലക്കണ്ടി അമൽജിത്ത് (29), പേരാമ്പ്ര മേഞ്ഞാണ്യം വലിയപറമ്പിൽ ആൽബിൻ (26) എന്നിവരെ പൊലീസ് പിടികൂടി.
കൂടാതെ, ആൽബിൻ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവരെ വാഹനം ഇടിപ്പിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പന്തിരിക്കര കുട്ടിക്കുന്നുമ്മൽ മുഹമ്മദ് (25), കടിയങ്ങാട് ചെറുപുത്തലത്ത് ഷഫ്നാസ് (24), നൊച്ചാട് കളരിപറമ്പത്ത് ദിൽഷാദ് (22) എന്നിവരെയും എസ്ഐ ജിതിൻ കുമാർ അറസ്റ്റ് ചെയ്തു. സ്റ്റേഷൻ പരിസരത്ത് സംഘം ചേർന്ന് അക്രമം നടത്തിയതിന് 8 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ പുലർച്ചെ പേരാമ്പ്ര ഭാഗത്തുനിന്ന് രണ്ട് കാറുകളിലെത്തിയ സംഘം കുയിമ്പിൽ പാലത്തിനടുത്ത് വെച്ച് കാറുകൾ പരസ്പരം ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് ആൽബിൻ സെബാസ്റ്റ്യനും സംഘവും സഞ്ചരിച്ച കാറും മറുവിഭാഗത്തിന്റെ കാറും ചെറിയകുമ്പളം പാലത്തിനടുത്തു വീണ്ടും സംഘർഷത്തിൽ ഏർപ്പെട്ടു.
ഇതിനുശേഷമാണ് രണ്ട് കാറുകളും കുറ്റ്യാടി പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഇരച്ചുകയറ്റിയതും, വാഹനങ്ങളിൽ നിന്ന് ഇറങ്ങി പരസ്പരം ഏറ്റുമുട്ടിയതും എന്ന് പൊലീസ് വ്യക്തമാക്കി. പുലർച്ചെയായതിനാൽ സ്റ്റേഷനിൽ ഏതാനും പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഉടൻ തന്നെ കൂടുതൽ പൊലീസുകാർ എത്തിയാണ് സംഘത്തെ കീഴ്പെടുത്തിയത്. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
സംഘർഷത്തിനിടയിൽ പരിക്കേറ്റ രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട
തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ ആൽബിൻ സെബാസ്റ്റ്യൻ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അറസ്റ്റിലായ പ്രതികളെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

