ഫുട്ബോൾ ലോകത്തെ പ്രമുഖരെ അണിനിരത്തി ലണ്ടനിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലീഷ് താരം ഹാരി കെയ്ൻ സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ ബാഴ്സിലോനയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അലക്സിയ പ്യുട്ടയാസ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ സമയം പുലർച്ചെ ലണ്ടനിലാണ് ഔദ്യോഗിക പുരസ്കാര പ്രഖ്യാപനം നടന്നത്. ബാലൺ ഡി ഓർ ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് പുറത്ത് ലണ്ടനിലെ ‘ലണ്ടൻ പാലാഡിയം’ തിയേറ്ററാണ് ഇത്തവണ ചടങ്ങിന് വേദിയായത്.
1956-ൽ ആദ്യ ബാലൺ ഡി ഓർ സ്വന്തമാക്കിയ ഇംഗ്ലീഷ് ഇതിഹാസം സർ സ്റ്റാൻലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് ചടങ്ങ് ലണ്ടനിലേക്ക് മാറ്റിയത്. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാൽ കരസ്ഥമാക്കി.
ഇരുപത്തിയൊന്ന് വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്കാരത്തിന് പത്തൊൻപതുകാരനായ ലമീൻ യമാൽ തുടർച്ചയായ മൂന്നാം തവണയാണ് അർഹനാകുന്നത്. വനിതാ യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസ് സ്വന്തമാക്കി.
2025ലും ഈ പുരസ്കാരം വിക്കി ലോപ്പസിനായിരുന്നു. സ്പാനിഷ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്ബോൾ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ പരിശീലകൻ പെരെ റോമിയുവാണ് മികച്ച വനിതാ പരിശീലകനുള്ള പുരസ്കാരം നേടിയത്.
സ്പെയിൻ ഗോൾ കീപ്പർ ഉനായ് സിമോൻ മികച്ച ഗോൾ കീപ്പറായും, സ്പെയിൻ വനിതാ ഫുട്ബോൾ ടീമിലെ ഗോൾകീപ്പർ കാറ്റലീന ടോമസ് കാറ്റ കോൾ ലച്ചിൻ മികച്ച വനിതാ ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി മികച്ച ക്ലബിനുള്ള പുരസ്കാരം വീണ്ടും സ്വന്തമാക്കിയപ്പോൾ, വനിതാ വിഭാഗത്തിൽ ബാർസിലോന ജേതാക്കളായി.
ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ മികച്ച പുരുഷ സ്ട്രൈക്കറായും, മെക്സിക്കൻ ഫുട്ബോൾ താരം വെറോണിക്ക ചാർലിൻ കോറലി വനിതാ സ്ട്രൈക്കറായും തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ-വനിതാ വിഭാഗങ്ങളിലെ പ്രധാന ബാലൺ ഡി ഓർ പുരസ്കാരങ്ങൾക്ക് പുറമേ മികച്ച യുവതാരം (കോപ ട്രോഫി), മികച്ച ഗോൾകീപ്പർ (യാഷിൻ ട്രോഫി), മികച്ച പരിശീലകർ, മികച്ച ക്ലബ്ബുകൾ, മികച്ച സ്ട്രൈക്കർ (ഗെർഡ് മുള്ളർ ട്രോഫി) എന്നിവർക്കുള്ള അവാർഡുകളും ജീവകാരുണ്യ പ്രവർത്തനങ്ങൾ മാനിച്ചു നൽകുന്ന സോക്രട്ടീസ് അവാർഡും ഉൾപ്പെടെ ആകെ 13 പുരസ്കാരങ്ങളാണ് വേദിയിൽ സമ്മാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

