മഞ്ചേരിയിൽ നടന്ന ഹോം മാച്ചിൽ തകർപ്പൻ പ്രകടനവുമായി മലപ്പുറം എഫ്.സി. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കണ്ണൂർ വാരിയേഴ്സിനെ ടീം പരാജയപ്പെടുത്തിയത്.
ഈ തിളക്കമാർന്ന വിജയത്തോടെ പോയിന്റ് പട്ടികയിൽ മലപ്പുറം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ലീഗ് പാതി പിന്നിടുമ്പോൾ അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റാണ് മലപ്പുറത്തിനുള്ളത്.
ഇത്രയും കളികളിൽ ഏഴ് പോയിന്റുള്ള കണ്ണൂർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിന്റെ 16-ാം മിനിറ്റിൽ തന്നെ മലപ്പുറത്തിന് ആദ്യ ഗോൾ അവസരം ലഭിച്ചു.
വലതുവിങിൽ നിന്ന് ക്യാപ്റ്റൻ അമദു സുക്കൂന നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ എൽഫോർസിക്ക് മുന്നിൽ രണ്ട് സാധ്യതകളുണ്ടായിരുന്നു—സ്വയം ഷോട്ട് ഉതിർക്കുക, അല്ലെങ്കിൽ സഹതാരത്തിന് പന്ത് കൈമാറുക. എന്നാൽ തീരുമാനമെടുക്കാൻ വൈകിയതോടെ ആ അവസരം നഷ്ടമായി.
എന്നാൽ 19-ാം മിനിറ്റിൽ മലപ്പുറം ആദ്യ ഗോൾ കണ്ടെത്തി. മധ്യനിരയിൽ നിന്നുള്ള എൽഫോർസിയുടെ നീളൻ പാസ് കണ്ണൂർ പ്രതിരോധനിരയ്ക്ക് ഇടയിലൂടെ നുഴഞ്ഞുകയറിയ അമദു സുക്കൂന കൃത്യമായി നിയന്ത്രിച്ച ശേഷം പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.
മുന്നോട്ടുകയറി വന്ന ഗോളി ഹജ്മലിന്റെ കൈയിൽ തട്ടിയ പന്ത് വലയിൽ കയറി (1-0). സമനിലയ്ക്കായുള്ള കണ്ണൂരിന്റെ ശ്രമത്തിനിടെ ആൽവാരസിനും സിനാനും ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല.
തുടർന്ന് ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം ലീഡ് രണ്ടാക്കി ഉയർത്തി. എൽഫോർസിയുടെ കോർണർ കണ്ണൂർ പ്രതിരോധം ക്ലിയർ ചെയ്തെങ്കിലും പന്ത് ലഭിച്ച മുഹമ്മദ് മഹ്ദിയുടെ നിലംപറ്റെയുള്ള ഷോട്ട് ബോക്സിലെ ആൾക്കൂട്ടത്തിനിടയിലൂടെ വലയിലെത്തി (2-0).
മലപ്പുറത്തിന്റെ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഷ്ഹൂർ ശരീഫ് രണ്ടാം പകുതിയുടെ തുടക്കത്തിൽ പരിക്കേറ്റ് കളംവിട്ടു. അദ്ദേഹത്തിന് പകരമായി നിധിൻ കൃഷ്ണ കളത്തിലിറങ്ങി.
59-ാം മിനിറ്റിൽ മലപ്പുറത്തിന്റെ മുഹമ്മദ് സാലിം ഉയർത്തിവിട്ട പന്ത് ക്രോസ്ബാറിലും ഗോളി ഹജ്മലിന്റെ കൈകളിലും തട്ടി മൈതാനത്തേക്ക് മടങ്ങി.
തുടർന്ന് 66-ാം മിനിറ്റിൽ മലപ്പുറത്തിന്റെ മൂന്നാം ഗോൾ പിറന്നു. ബോക്സിനുള്ളിൽ നിന്നും കനത്ത ഷോട്ടിലൂടെ സ്കോർ ചെയ്തത് റാഷിദ് ആണ്.
രണ്ട് മത്സരങ്ങളിൽ നിന്നുള്ള ഈ താരത്തിന്റെ മൂന്നാം ഗോളാണിത്. 90-ാം മിനിറ്റിൽ റാഷിദ് വീണ്ടും സ്കോർ ചെയ്തെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തുകയായിരുന്നു.
ആറാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച (ഒക്ടോബർ 30) ഫോഴ്സ കൊച്ചി എഫ്സി, തൃശൂർ മാജിക് എഫ്സിയുമായി ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ ഷൂട്ടൗട്ടിൽ (1-4) കൊച്ചിക്കായിരുന്നു ജയം.
കൊച്ചി ജാവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന് നടക്കും.
മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല). ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക.
കൂടാതെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

