രാജ്യത്തെ മോട്ടോർ വാഹന നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ രംഗത്ത്. വാഹനങ്ങളിൽ 100 ശതമാനം വരെ എഥനോൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി.
കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലാണ് ഇതിനായുള്ള ഭേദഗതി വരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം ഫലപ്രദമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
ഇ-100, ഇ-85 തുടങ്ങിയ ഉയർന്ന തോതിലുള്ള ഇന്ധനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കാണ് ഈ ഭേദഗതിയിലൂടെ ഔദ്യോഗിക അനുമതി ലഭിച്ചിരിക്കുന്നത്. നിലവിലുള്ള സാങ്കേതികവിദ്യ അനുസരിച്ച് ഇ-20 വരെ മാത്രം ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള വാഹനങ്ങളിൽ ഇതിൽ കൂടുതൽ അളവിൽ എഥനോൾ കലർത്തി ഉപയോഗിക്കാൻ സാധിക്കില്ല.
എഥനോളിന്റെ അളവ് കൂടുതലായി അടങ്ങിയിരിക്കുന്ന പെട്രോൾ ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേക വാഹനങ്ങളുടെ ഉത്പാദനം വരും ദിവസങ്ങളിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര അധികൃതർ അറിയിച്ചു. എന്നാൽ, നിലവിൽ വിപണിയിലുള്ള സാധാരണ പെട്രോൾ കാറുകളിലോ അല്ലെങ്കിൽ ഇ-20 ഇന്ധന മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിച്ച വാഹനങ്ങളിലോ നേരിട്ട് ഇ-100 ഇന്ധനം ഉപയോഗിക്കാൻ അനുവാദമുണ്ടായിരിക്കില്ല.
പുതിയ നിയമഭേദഗതി നിലവിൽ വരുന്നതോടെ മാരുതി സുസുകി, ടൊയോട്ട, ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ വാഹന നിർമ്മാണ കമ്പനികൾ ഉയർന്ന അളവിൽ എഥനോൾ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി മാരുതി സുസുകിയുടെ വേഗൺ ആർ ഫ്ലെക്സ് ഫ്യുവൽ മോഡൽ ഇതിനോടകം തന്നെ ഉപഭോക്താക്കൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിനുപുറമെ, പുതിയ ഭേദഗതിയിലൂടെ ലൈറ്റ് മോട്ടോർ വെഹിക്കിളുകളുടെ (എൽ.എം.വി) ഭാരപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പെട്രോൾ, ഡീസൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന എൽ.എം.വികളുടെ പരമാവധി ഭാരപരിധി 3000 കിലോഗ്രാമിൽ നിന്ന് 3500 കിലോഗ്രാമായി ഉയർത്തിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

