ഉത്തര്പ്രദേശിലെ ഝാൻസിയിലുള്ള ഹോട്ടൽ മുറിയിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്.
സിപ്രി ബസാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഒരു ഹോട്ടലിൽ വച്ചാണ് മുസ്കാൻ സിമോലിയ (28) കുഴഞ്ഞുവീണ് മരിച്ചത്. ജൂൺ 29-നായിരുന്നു ഇവരുടെ വിവാഹം നടന്നത്.
സംഭവത്തിൽ മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് റാംജി ലാൽ അഹിർവാർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ബാങ്ക് മാനേജരായ ഭർത്താവ് നീലേഷിനൊപ്പം മുസ്കാൻ ഹോട്ടലിൽ മുറിയെടുത്തത്.
ഭർത്താവിനും ഹോട്ടൽ ജീവനക്കാരനുമൊപ്പം മുറിയിലേക്ക് നടന്നുപോകുന്നതിനിടെ, വാതിൽക്കൽ വെച്ച് അഞ്ച് സെക്കൻഡിനുള്ളിൽ മുസ്കാൻ പുറകോട്ട് കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഴ്ചയിൽ യുവതിയുടെ തല നിലത്തടിക്കുന്നതും ഉടൻതന്നെ ഭർത്താവ് നീലേഷ് ഇവരെ കോരിയെടുത്ത് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പിറ്റേന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുടെ തലയിൽ പരിക്കുകളുണ്ടെന്നും ഇത് മർദ്ദനമേറ്റതുമൂലമാണെന്നും പിതാവ് ആരോപിക്കുന്നു.
നീലേഷിന് മുൻപ് മറ്റൊരു വിവാഹം കഴിഞ്ഞിരുന്ന വിവരവും, ഇൻഡോറിൽ ആദ്യ ഭാര്യയുണ്ടെന്ന വസ്തുത തങ്ങളിൽ നിന്ന് മറച്ചുവെച്ചതാണെന്നും പിതാവ് വ്യക്തമാക്കി. ഈ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു.
ഒക്ടോബർ 28-ന് നടക്കുന്ന റെയിൽവേ ജൂനിയർ എൻജിനീയർ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി ഒക്ടോബർ 10-നാണ് മുസ്കാൻ ത്സാൻസിയിലെ സ്വന്തം വീട്ടിലെത്തിയത്. എന്നാൽ അമ്മായിയെ കാണാനെന്ന വ്യാജേന ഒക്ടോബർ 23-ന് എത്തിയ നീലേഷ്, മുസ്കാനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ ഭർത്താവ് നീലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുഴഞ്ഞുവീഴാനുള്ള യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ യുവതി കുഴഞ്ഞുവീഴുന്നത് വ്യക്തമാണെങ്കിലും അവിടെവെച്ച് മർദ്ദനമേറ്റിട്ടുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്ന് ത്സാൻസി എസ്പി പ്രീതി സിങ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

