പഞ്ചാബ് ലൗലി സർവകലാശാല ക്യാമ്പസിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഹോസ്റ്റലിൽ വിദ്യാർത്ഥി പീഢിപ്പിക്കപ്പെട്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വ്യാജ വാർത്തയെ തുടർന്നാണ് പ്രതിഷേധം ആളിക്കത്തിയിരിക്കുന്നത്.
സംഭവസ്ഥലത്ത് പോലീസും വിദ്യാർത്ഥികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായി. സംഘർഷത്തിനിടയിൽ നിരവധി പോലീസ് വാഹനങ്ങൾ അടിച്ചു തകർക്കുകയും നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നിലവിൽ ക്യാമ്പസിൽ അതീവ സംഘർഷാവസ്ഥ തുടരുകയാണ്.
സർവകലാശാല ഹോസ്റ്റലിൽ വെച്ച് വിദ്യാർത്ഥിനിയെ ഇലക്ട്രീഷ്യൻ പീഡിപ്പിച്ചു എന്ന രീതിയിലായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നത്. ഈ വിവരം പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ അധികൃതർ നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചുവെന്നും, തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു എന്നും തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുകയായിരുന്നു.
ഇതിനൊപ്പം ഒരു വ്യാജ ശബ്ദസന്ദേശവും കൂടി പ്രചരിച്ചതോടെ പുലർച്ചെ മുതൽ ക്യാമ്പസിൽ വൻ പ്രതിഷേധം രൂപപ്പെടുകയായിരുന്നു. പ്രതിഷേധം നിയന്ത്രിക്കുന്നതിനിടയിൽ പ്രധാന കെട്ടിടങ്ങളുടെ ജനൽ ചില്ലുകൾ വിദ്യാർത്ഥികൾ അടിച്ചു തകർത്തു.
ചില കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഒടുവിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ഭാഗികമായി നിയന്ത്രണവിധേയമാക്കിയത്.
എന്നാൽ ക്യാമ്പസിൽ ഇപ്പോഴും നേരിയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പുറമെ പുറത്തുനിന്നുള്ളവരും ഈ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രചരിച്ച വിവരങ്ങൾ തികച്ചും വ്യാജമാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ സർവകലാശാലയും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ക്യാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഒരു വിദ്യാർത്ഥിക്ക് പോലും യാതൊരുവിധ മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നും സർവകലാശാലാ അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അക്രമണങ്ങളിൽ സർവകലാശാലയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
വ്യാജ ശബ്ദസന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പഞ്ചാബിലെ പട്യാല ചിത്കാര സർവകലാശാലയിലും സമാനമായ രീതിയിൽ സംഘർഷം നടന്നിരുന്നു. അന്ന് ക്യാമ്പസിൽ യക്ഷിയെ കണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച വിദ്യാർത്ഥികൾ പോലീസ് വാഹനം അടിച്ചു തകർത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

