കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയ സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി ബിജെപി. സംഭവത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി.ബി. ഗോപകുമാറാണ് പരാതി സമർപ്പിച്ചത്.
വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങിലും, കുണ്ടറയിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിപാടിയിലും സംബന്ധിക്കാനാണ് കേന്ദ്രമന്ത്രി കൊല്ലത്ത് എത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം, തുടർന്ന് കുണ്ടറയിലേക്ക് യാത്ര തിരിക്കാനായി കാറിലേക്ക് കയറുന്ന വേളയിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്. ആഭ്യന്തരമന്ത്രിയുടെ വാഹനത്തിന് തൊട്ടുമുൻപിലായി സഞ്ചരിച്ച പൈലറ്റ് വാഹനത്തിന്റെ അടുത്തേക്ക് വരെ പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തിയിരുന്നു.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, മുൻ സംസ്ഥാന സെക്രട്ടറി സിജു ഖാൻ, ജില്ലാ സെക്രട്ടറി ശരത് പട്ടത്താനം, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുരുവിള ജോസഫ് എന്നിവരാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇവരെ ഉടൻതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യുകയായിരുന്നു.
ഈ പ്രതിഷേധത്തിന് പിന്നാലെ കൊല്ലത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും ഉണ്ട Aയി.
ആഭ്യന്തരമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ ചിന്നക്കടയിലെ ഐഎൻടിയുസിയുടെ കൊടിമരം നശിപ്പിക്കപ്പെട്ടു. തുടർന്ന് ഡിസിസി ഓഫീസിനു മുന്നിലേക്ക് എത്തിയ പ്രതിഷേധക്കാർ കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും കൊടികൾ തകർക്കുകയും ചെയ്തു.
ഇതിൽ പ്രകോപിതരായി യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങളും തകർക്കപ്പെടുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

