കുവൈത്ത് പാകിസ്ഥാനുമായി സുപ്രധാനമായ പ്രതിരോധ സഹകരണ കരാർ ഒപ്പുവെച്ചു. സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നിവരുടെ പ്രതിരോധ കരാറിന് പിന്നാലെയാണ് ഗൾഫ് മേഖലയിൽ നിന്നും മറ്റൊരു രാഷ്ട്രം കൂടി ഈ കൂട്ടായ്മയുമായി സഹകരിക്കുന്നത്.
സേനകളുടെ സജ്ജീകരണം മെച്ചപ്പെടുത്തുക, സൈനിക സഹകരണം ശക്തമാക്കുക, വൈദഗ്ദ്യം പരസ്പരം പങ്കുവെക്കുക എന്നിവയാണ് ഈ ധാരണയിലൂടെ ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളുടെയും സൈനിക-പ്രതിരോധ വിഭാഗങ്ങൾ തമ്മിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്നും സൈനിക അറിവുകൾ പരസ്പരം കൈമാറുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്ത്-പാക് സേനകൾ തമ്മിലുള്ള പ്രവർത്തന ഏകോപനവും ഇതിലൂടെ ഉറപ്പാക്കും. സൈനിക മുന്നൊരുക്കങ്ങൾ കൂടുതൽ മികച്ചതാക്കാനും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങളിലും പ്രാദേശിക സുരക്ഷയിലും ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്.
മേഖലയിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ പുതിയ നീക്കം ഏറെ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ ‘മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റ്’ ഒപ്പുവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കുവൈത്തും സമാനമായ കരാറിലൂടെ ഒപ്പം ചേരുന്നത്. ഓഗസ്റ്റ് 7ന് മെക്കയിൽ വെച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജപ് തയ്യിപ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്നാണ് മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റിൽ ഒപ്പുവെച്ചത്.
കൂട്ടായ പ്രതിരോധവും വിപുലമായ സൈനിക-സുരക്ഷാ സഹകരണവും ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ ചട്ടക്കൂടാണ് ഈ കരാറിലൂടെ രൂപീകരിച്ചിട്ടുള്ളത്. ഈ കരാറിന്റെ ഭാഗമായി ഏതെങ്കിലും ഒരു രാജ്യത്തിന് മേൽ ഉണ്ടാകുന്ന സായുധ ആക്രമണം മറ്റ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നതാണ് പ്രത്യേകത.
ഇതിനുപുറമെ അടുത്ത സൈനിക ഏകോപനം, സംയുക്ത പരിശീലനങ്ങൾ, പ്രതിരോധ സാങ്കേതികവിദ്യ, സൈനിക വ്യവസായങ്ങൾ എന്നിവയിലെല്ലാം പരസ്പര സഹകരണം ലക്ഷ്യമിടുന്നുണ്ട്. സൗദിയും തുർക്കിയും പാകിസ്ഥാനും ചേർന്ന് ഈ കരാറിൽ ഒപ്പുവെച്ചതിൽ താൻ വളരെ സന്തോഷവാനാണെന്ന് ട്രംപ് അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു.
മിഡിൽ ഈസ്റ്റ് ഒന്നിച്ചു വരുന്നതിന്റെ തെളിവാണിതെന്നും കൂടുതൽ അർത്ഥവത്തായ രീതിയിൽ സ്വന്തമായി പ്രതിരോധം തീർക്കാൻ രാജ്യങ്ങൾക്ക് സാധിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം ഈ കരാറിനെ ‘വലുതും ധീരവും സുപ്രധാനവുമായ ആദ്യ ചുവടുവയ്പ്പ്’ എന്നാണ് വിശേഷിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

