ദേശീയപാതയിലെ അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി അധികൃതർ വ്യക്തമാക്കി. നിലവിൽ പദ്ധതിയുടെ 93% ജോലികളും പൂർത്തിയായതായി ദേശീയപാത അതോറിറ്റി അറിയിച്ചു.
എല്ലാവിധ നിർമാണങ്ങളും പൂർത്തിയാക്കി വരുന്ന ഡിസംബറിൽ പാത തുറക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒറ്റത്തൂണുകളിൽ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ ഉയരപ്പാതയാണിത്.
13.23 കിലോമീറ്റർ നീളത്തിലും 24.5 മീറ്റർ വീതിയിലുമാണ് ആറുവരിപ്പാതയായി പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഇതിൽ ഉയരപ്പാതയുടെ 200 മീറ്റർ നിർമാണവും, ദേശീയപാതയിൽ നിന്ന് ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള അപ്രോച്ച് റോഡുകളുടെ ജോലികളുമാണ് ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത്.
2200 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിർമാണച്ചെലവ്. ആദ്യഘട്ടത്തിൽ 12.75 കിലോമീറ്ററിലായാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
പിന്നീട് തുറവൂർ ജംക്ഷൻ മുതൽ ആലപ്പറമ്പ് വരെ പാത നീട്ടുകയായിരുന്നു. 200 മീറ്റർ ഉയരപ്പാതയും 280 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടെ പാതയുടെ ആകെ നീളം 13.23 കിലോമീറ്ററായി വർധിപ്പിച്ചു.
ഭേദഗതി വരുത്തിയ ഭാഗത്തെ 12 തൂണുകളുടെ നിർമാണം ഇപ്പോൾ പുരോഗമിക്കുകയാണ്. 9 മീറ്റർ ഉയരമുള്ള 364 തൂണുകളിലായാണ് ഉയരപ്പാത നിർമിക്കുന്നത്.
ഇതിൽ അരൂർ മുതൽ തുറവൂർ വരെയുള്ള 354 തൂണുകളുടെയും അതിനു മുകളിലുള്ള 12 കിലോമീറ്റർ ഉയരപ്പാതയുടെയും നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇതിൽ 5.5 കിലോമീറ്റർ ഭാഗത്തെ ടാറിങ് ജോലികളാണ് പൂർത്തിയായത്.
ടാറിങ് പൂർത്തിയായ ഭാഗത്ത് പാതയുടെ മധ്യത്തിലുള്ള മീഡിയനിൽ പെയിന്റിങ് ജോലികളും ആരംഭിച്ചിട്ടുണ്ട്. അപ്രോച്ച് റോഡുകൾക്ക് പുറമേ, ഉയരപ്പാതയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി ചന്തിരൂർ, പാട്ടുകുളങ്ങര എന്നിവിടങ്ങളിൽ രണ്ട് റാംപുകളുടെ നിർമാണവും നടക്കുന്നുണ്ട്.
ഉയരപ്പാതയുടെ പ്രധാന സവിശേഷതകൾ:
* ചന്തിരൂരിൽ നിർമിക്കുന്ന റാംപിന്റെ 75% ജോലികളും പാട്ടുകുളങ്ങരയിൽ 80% ജോലികളും പൂർത്തിയായി.
* ഉയരപ്പാതയ്ക്ക് മുകളിൽ നിർമിക്കുന്ന ടോൾ പ്ലാസയുടെ 90% ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്.
* അരൂർ മുതൽ തുറവൂർ വരെയുള്ള 12 കിലോമീറ്റർ പാതയിൽ 353 സൗരോർജ വിളക്കുകൾ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. 30 മീറ്റർ ഇടവിട്ടാണ് തെരുവുവിളക്കുകൾ സജ്ജമാക്കുന്നത്.
* ഉയരപ്പാതയ്ക്ക് സമീപത്തുകൂടി വൈദ്യുതക്കമ്പികൾ കടന്നുപോകുന്നതിലെ സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ പാതയ്ക്കിരുവശവും ഭൂഗർഭ വൈദ്യുത കേബിൾ സ്ഥാപിക്കുന്ന ജോലിയും അന്തിമഘട്ടത്തിലാണ്.
* വാഹനഗതാഗതം ആരംഭിക്കുമ്പോൾ പരിസര പ്രദേശങ്ങളിലുണ്ടാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി ബ്രിജ് നോയ്സ് ബാരിയർ സ്ഥാപിക്കുന്ന ജോലിയുടെ 50% പൂർത്തിയായി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു റോഡിൽ ഇത്തരത്തിൽ നോയ്സ് ബാരിയർ സ്ഥാപിക്കുന്നത്. യഥാർത്ഥ കരാർ പ്രകാരം 2026 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്കു കൈമാറാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ പ്രതികൂല കാലാവസ്ഥയും നിർമാണ വേളയിലുണ്ടായ തടസ്സങ്ങളും ഡിസൈൻ മാറ്റങ്ങളും കാരണം നിർമാണം വൈകുകയായിരുന്നു. എങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് ഡിസംബറിൽ തന്നെ നിർമാണം പൂർത്തിയാക്കാനാണ് പുതിയ ധാരണ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

