അമേരിക്കയുടെ കപ്പൽ ഉപരോധം കാരണം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യാൻ സാധിക്കുന്നില്ലെന്നും രാജ്യത്ത് കടുത്ത ഇന്ധന പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇറാൻ. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇറാനിയൻ കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇതോടെ രാജ്യത്തേക്കുള്ള എണ്ണ കയറ്റുമതി പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. എണ്ണ റിഫൈനറികൾ അടച്ചുപൂട്ടേണ്ടി വന്നത് രാജ്യത്തെ ഉൽപാദന മേഖലയെ താറുമാറാക്കിയിട്ടുണ്ട്.
ഇതിന് പുറമെ യുഎസും ഇസ്രയേലും റിഫൈനറികൾക്കും അനുബന്ധ പദ്ധതികൾക്കും നേരെ നടത്തിയ ആക്രമണങ്ങളും ഇറാന് വലിയ തിരിച്ചടിയായി മാറി. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്.
മണിക്കൂറുകളോളം കാത്തുനിന്നാലും നിശ്ചിത അളവിൽ മാത്രമാണ് പലർക്കും ഇന്ധനം ലഭിക്കുന്നത്. അമേരിക്കയുടെ ഉപരോധം കാരണം വിദേശത്തുനിന്നുള്ള ഇറക്കുമതി പൂർണ്ണമായി നിലച്ചിരിക്കുകയാണെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജാഫർ ഖേയെംപനാ (Mohammad Jafar Ghaempanah) വ്യക്തമാക്കിയതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനുമുമ്പ് യുക്രെയ്ൻ ആക്രമണത്തെ തുടർന്ന് റഷ്യയിലും സമാനമായ പ്രതിസന്ധി ഉടലെടുത്തിരുന്നു. അന്ന് ഇന്ത്യയിൽ നിന്ന് ഡീസൽ ഉൾപ്പെടെ ഇറക്കുമതി ചെയ്താണ് റഷ്യ ആ പ്രതിസന്ധിയെ നേരിട്ടത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ ഇറാൻ, വളരെ കുറഞ്ഞ സബ്സിഡി നിരക്കിലാണ് ജനങ്ങൾക്ക് പെട്രോളും ഡീസലും നൽകിപ്പോന്നത്. ലോകത്ത് ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നാണിത്.
എന്നാൽ നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന വിതരണത്തിന് ക്വോട്ട ഏർപ്പെടുത്താനും വില വർദ്ധിപ്പിക്കാനും ഭരണകൂടം നിർബന്ധിതരായേക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.
സബ്സിഡി ക്വോട്ടയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്ന് ഇറാനിയൻ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് മൊഹ്സിൻ ഹാജി മിർസായി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലവിലുള്ള സബ്സിഡി സംവിധാനം യുക്തിസഹമല്ലെന്നും ഒന്നിലധികം വാഹനങ്ങൾ ഉള്ളവരാണ് ഇതിന്റെ പ്രയോജനം പൂർണ്ണമായും കൈപ്പറ്റുന്നതെന്നും മുഹമ്മദ് ജാഫർ ഖേയെംപനാ ചൂണ്ടിക്കാണിച്ചു.
ഒരു വാഹനം മാത്രമുള്ള സാധാരണക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സബ്സിഡി സംവിധാനം പുനഃപരിശോധിക്കുമെന്ന സൂചന നൽകിയെങ്കിലും, നിലവിലെ സാഹചര്യത്തിൽ വില വർദ്ധിപ്പിച്ചാൽ അത് ജനരോഷത്തിന് കാരണമാകുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്.
അതേസമയം, മധ്യസ്ഥ ചർച്ചകൾക്കായി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയ പാക്കിസ്ഥാൻ സേനാ മേധാവി അസിം മുനീർ കടുത്ത പ്രതിരോധത്തിലായി. മധ്യസ്ഥന്റെ വേഷം കെട്ടിയത്തിയ അദ്ദേഹം യഥാർത്ഥത്തിൽ അമേരിക്കയുടെ ദൂതനായാണ് പ്രവർത്തിക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു.
എന്നാൽ ഈ ആരോപണങ്ങൾ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ത്രാബി ശക്തമായി തള്ളി. സമാധാനം ലക്ഷ്യമിട്ടാണ് അസിം മുനീർ ഇറാനിൽ എത്തിയതെന്നും ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും വക്താവ് വ്യക്തമാക്കി.
മധ്യേഷ്യയിൽ സമാധാനം ഉറപ്പാക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ സമാന്തര ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും കപ്പലുകളിൽ നിന്ന് ഫീസ് ഇനത്തിൽ ലഭിക്കുന്ന വരുമാനവും പങ്കിடுவது സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ പ്രാഥമിക ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഈ ധാരണ അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് എതിരാണെങ്കിൽ അത് ഡൊണാൾഡ് ട്രംപിനെ ചൊടിപ്പിച്ചേക്കാം.
ഹോർമുസിൽ ഇറാനിയൻ കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അമേരിക്ക ഉടൻ പിൻവലിക്കണമെന്ന ശക്തമായ ആവശ്യവും ഇറാൻ മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനിടയിൽ പ്രശ്നപരിഹാരത്തിനായി ഖത്തറും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഉടൻ തന്നെ ടെഹ്റാൻ സന്ദർശിക്കുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

