പ്രമുഖ പ്രതിപക്ഷ നേതാവിന്റെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ട് മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ സൈബറാക്രമണത്തിന് ഇരയായി. അയർലണ്ടിൽ സംഘടിപ്പിച്ച ഒരു സ്റ്റേജ് ഷോയ്ക്കിടയിലാണ് സംഭവം അരങ്ങേറിയത്.
പരിപാടിക്കിടെ ശബ്ദാനുകരണത്തിന് ശേഷം പേര് പരാമർശിച്ചപ്പോൾ ഔദ്യോഗിക പദവികളോ ആദരസൂചകമായ വാക്കുകളോ ഉപയോഗിച്ചില്ലെന്നാരോപിച്ചാണ് സോഷ്യൽ മീഡിയയിലൂടെ വ്യാപക വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നത്. എന്നാൽ ഈ സംഭവത്തിൽ വിശദീകരണവുമായി താരം തന്നെ നേരിട്ട് രംഗത്തെത്തി.
താൻ യാതൊരുവിധ അനാദരവും കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സാങ്കേതികമായ ചില ആവശ്യങ്ങൾ മുൻനിർത്തിയാണ് അങ്ങനെ പറയേണ്ടി വന്നതെന്നും വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിമർശനങ്ങൾ ഉന്നയിക്കുന്നവർ മാന്യതയുടെ സീമകൾ പാലിക്കണമെന്നും താരം അഭ്യർത്ഥിച്ചു.
തന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: ‘അയർലണ്ടിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ഞാൻ വി.ഡി. സതീശൻ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെർഫോമൻസ് അവതരിപ്പിച്ചിരുന്നു.
എൽ.ഇ.ഡി വാൾ പിക്ചർ വരാതെ അല്പം സമയം എടുത്തപ്പോ എൽ.ഇ.ഡി. വാൾ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്ക്രീനിൽ കാണിക്കേണ്ട
ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാൻ മൈക്കിലൂടെ ‘വിഡി സതീശൻ എന്ന് പറഞ്ഞത്. അപ്പോൾ ഞാൻ “സാർ” എന്നോ “മുഖ്യമന്ത്രി” എന്നോ ചേർത്ത് പറഞ്ഞിരുന്നില്ല.
അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്. എന്നാൽ ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഞാൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി.’ ‘എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു.
ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യ എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ.
അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും.
പരസ്പര ബഹുമാനവും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

