മുംബൈ: സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും ടീമിന്റെ ഫീൽഡിംഗ് നിലവാരത്തിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ഗ്രൗണ്ടിൽ ബാധ്യതയാകുന്ന കളിക്കാരെ ടീമിൽ നിന്ന് പുറത്താക്കാൻ സെലക്ടർമാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ കായിക മാസികയായ സ്പോർട്സ് സ്റ്റാറിലെ ലേഖനത്തിലാണ് ഗവാസ്കർ തൻ്റെ കടുത്ത നിലപാട് വ്യക്തമാക്കിയത്. സിംബാബ്വെ പരമ്പരയ്ക്ക് മുൻപ് അയർലൻഡിനോടും (0-2) ഇംഗ്ലണ്ടിനോടും (0-4, 1-2) ഇന്ത്യ നേരിട്ട
തിരിച്ചടികൾക്ക് പ്രധാന കാരണം അനായാസ ക്യാച്ചുകൾ കൈവിട്ടതും മോശം ഫീൽഡിംഗുമാണെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. ഫീൽഡിംഗിൽ തിളങ്ങാത്തവർക്ക് ഇന്ത്യൻ ടീമിൽ സ്ഥാനമുണ്ടാകരുത്.
ഒരു താരം ശരാശരി പ്രകടനം മാത്രമാണ് നൽകുന്നതെങ്കിൽ അയാളെ ഒഴിവാക്കുക തന്നെ വേണം. പന്ത് തങ്ങളുടെ അടുത്തേക്ക് വരാതിരിക്കാൻ പ്രാർത്ഥിക്കുന്ന മൂന്നോ നാലോ കളിക്കാരെ മൂടിവെക്കാൻ ഒരു ക്യാപ്റ്റനും സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ഐ.പി.എല്ലിലും തുടർന്ന് ദേശീയ ജേഴ്സിയിലും അനായാസ ക്യാച്ചുകൾ കൈവിട്ട ശിവം ദുബെ ഉൾപ്പെടെയുള്ള കളിക്കാരുടെ പ്രകടനത്തെ മുൻനിർത്തിയാണ് ഈ വിമർശനം.
ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിൽ തോൽവി വഴങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ സമീപനത്തെയും ഗവാസ്കർ രൂക്ഷമായി വിമർശിച്ചു. ബാറ്റര്മാർ തങ്ങളുടെ സ്വയം നിർമ്മിത പ്രതിച്ഛായയ്ക്ക് വേണ്ടി കളിക്കാതെ, പന്തിൻ്റെ ഗുണഗണങ്ങൾ നോക്കി കളിക്കാൻ തയ്യാറാകണം.
ട്വന്റി-20 പോലെ തുടക്കം മുതലേ അടിച്ചുതകർക്കാതെ, ഏകദിനങ്ങളിൽ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്. 380-ന് മുകളിലുള്ള വലിയ ലക്ഷ്യങ്ങൾ പിന്തുടരുമ്പോഴും ക്ഷമ അത്യന്താപേക്ഷിതമാണ്.
എതിരാളികളുടെ പ്രധാന ബൗളർമാരെ കരുതലോടെ നേരിടുകയും ദുർബലരായ ബൗളർമാർക്കെതിരെ ആക്രമിച്ചു കളിച്ച് റൺസ് കണ്ടെത്തുകയുമാണ് വേണ്ടത്. ഇംഗ്ലണ്ടിനെതിരായ നിർണായക ഏകദിനത്തിൽ 39 ഓവറിൽ 260/1 എന്ന ശക്തമായ നിലയിൽ നിന്ന ശേഷമാണ് 388 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാനാവാതെ ഇന്ത്യ പരാജയപ്പെട്ടത്.
ഇത്തരം അപക്വമായ സമീപനങ്ങൾ അവസാനിപ്പിച്ച് ടീം കൂടുതൽ ബുദ്ധിപൂർവ്വം ക്രിക്കറ്റ് കളിക്കണമെന്നും ഗവാസ്കർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

