കാസർകോട് ജില്ലയിൽ വിരമിച്ച സബ് ഇൻസ്പെക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പാറക്കട്ടയിൽ താമസിക്കുന്ന ധൻരാജ് (65) ആണ് ഇത്തരത്തിൽ ജീവനൊടുക്കിയത്.
സംഭവത്തെ തുടർന്ന് അയൽവാസികൾ അദ്ദേഹത്തെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം, പിന്നീട് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു.
എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രണ്ട് മാസം മുൻപ് ആ ജോലിയിൽ നിന്നും അദ്ദേഹം ഒഴിവായിിരുന്നു. പ്രമാദമായ പല കേസ് അന്വേഷണങ്ങളിലും നിർണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് ധൻരാജ്.
അതേസമയം, അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്കുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
*(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)*

