അടിമാലി മണ്ണെടിച്ചിൽ ദുരന്തത്തിൽ ഇരകളായ കുടുംബങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കുമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ അറിയിച്ചു. വരാനിരിക്കുന്ന ഓണത്തിന് മുൻപായി അർഹരായ മുഴുവൻ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വീതം സഹായധനം നൽകാനാണ് സർക്കാർ തീരുമാനം.
ഇതുസംബന്ധിച്ച അന്തിമ തീരുമാനം വരുന്ന മന്ത്രിസഭാ യോഗത്തിൽ ഔദ്യോഗികമായി കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 കുടുംബങ്ങളാണ് കഴിഞ്ഞ ഒരു മാസമായി സമരം നടത്തിവരുന്നത്.
സമരത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക പ്രഖ്യാപനം. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലയുണ്ടായെങ്കിലും പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
മന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെങ്കിലും, പ്രഖ്യാപിച്ച നഷ്ടപരിഹാരം തങ്ങളുടെ കൈകളിൽ എത്തുന്നതുവരെ സമരം തുടരുമെന്ന് ദുരന്തബാധിതർ വ്യക്തമാക്കി. ഇന്ന് നേരിട്ടെത്തി മന്ത്രിക്ക് നിവേദനം നൽകിയ ശേഷവും തുക പൂർണ്ണമായി ലഭിക്കുന്നത് വരെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്.
സംസ്ഥാനത്തെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി പഴയ നിയമങ്ങൾ ഭേദഗതി ചെയ്ത് രണ്ടാം ഭൂപരിഷ്കരണ നിയമം കൊണ്ടുവരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇടുക്കി ജില്ലയിലെ ഭൂമി വിഷയങ്ങളിൽ പലതും കോടതി കേസുകൾ കാരണം സ്തംഭനാവസ്ഥയിലാണ്.
ഈ പ്രതിസന്ധി മറികടക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും, കയ്യേറ്റക്കാരിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കർശന നിലപാട് എടുത്തു.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് നിലവിലുള്ള രണ്ടര ലക്ഷം അപേക്ഷകളിൽ 25,000 എണ്ണം സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി വേഗത്തിൽ തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

