രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക് തൽക്കാലമില്ലെന്ന് സിജെപി വ്യക്തമാക്കി. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങളിൽ ബദൽ ശക്തിയായി ഇടപെടാനാണ് സംഘടനയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ആലോചനയുണ്ട്. കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകൾ രൂപീകരിക്കുന്ന കാര്യവും സംഘടനയുടെ പരിഗണനയിലുണ്ട്.
വിദ്യാഭ്യാസാ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് വലിയ തോതിൽ ഉറ്റുനോക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് നിലപാട് വ്യക്തമാക്കി സംഘടന രംഗത്തെത്തിയത്.
അഭിജീത് ദീപ്കെ, സൗരവ് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദില്ലി ജന്തർ മന്ദറിൽ സമരം ആരംഭിച്ചത്. 35 ദിവസം നീണ്ട
സമരത്തിനൊടുവിലാണ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചത്. അതേസമയം, സിജെപി സമരത്തിനെതിരായ പൊലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണനയ്ക്ക് എടുക്കുന്നത്. നിലവിൽ മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പെല്ലറ്റ് ഗൺ പ്രയോഗിച്ചതുൾപ്പെടെയുള്ള വിഷയങ്ങൾ ഹർജിക്കാർ സുപ്രീംകോടതിയിൽ ഉന്നയിക്കും. പരിക്കേറ്റ സമരക്കാരുടെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം.
പെല്ലറ്റ് ഉപയോഗത്തിൽ നാലുപേർക്കാണ് പരിക്കേറ്റത്. ഇതിൽ 25 വയസ്സുള്ള ബീഹാർ സ്വദേശിയും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
സമരത്തിന് നേരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ദില്ലി പോലീസിനെതിരെയും കേസെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ തവണ ഈ ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കവേ, കോടതിയുടെ സമയം കളയരുതെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ കേസിനെ സംബന്ധിച്ചുള്ള അർഹമായ വിശദാംശങ്ങൾ അഭിഭാഷകൻ ആ സമയത്ത് കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് പിന്നീട് ചീഫ് ജസ്റ്റിസ് നൽകിയത്. ഇന്നു പരിഗണനയ്ക്ക് എത്തുന്ന ഹർജികളിൽ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

