വെനസ്വേലയിൽ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പം ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ തന്ത്രങ്ങൾക്ക് തിരിച്ചടിയാകുന്നു.
ജൂൺ 24-ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ റിക്ടർ സ്കെയിലിൽ യഥാക്രമം 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് രാജ്യത്ത് വൻ നാശം വിതച്ചത്. കഴിഞ്ഞ 125 വർഷത്തിനിടയിൽ വെനസ്വേലയിൽ ഉണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.
സംഭവത്തിൽ നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തുടർചലനങ്ങൾ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് എണ്ണ വിതരണത്തിൽ പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് വെനസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി വർധിപ്പിച്ചത്.
കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ ഈ മേഖലയിൽ നിന്നുള്ള ഇറക്കുമതിയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. യുഎസും ഇറാനും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഉണ്ടായ ഈ പ്രകൃതിദുരന്തം ഇന്ത്യയുടെ ബദൽ എണ്ണ സ്രോതസ്സിനെയാണ് ഇപ്പോൾ ബാധിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രധാന ചരക്കുഗതാഗത കേന്ദ്രമായ ‘ലാ ഗ്വൈറ’ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി വിതരണത്തിലെ തടസ്സവും ഗതാഗത സംവിധാനങ്ങളുടെ തകർച്ചയും എണ്ണ കയറ്റുമതിയെ ആഴ്ചകളോളം വൈകിപ്പിച്ചേക്കാം.
കപ്പലുകൾ തുറമുഖങ്ങളിൽ കാത്തുകിടക്കേണ്ടി വരുന്നത് ചരക്ക് നീക്കത്തിന്റെ ചെലവ് കുത്തനെ ഉയർത്തും. കൂടാതെ, പ്രകൃതിദുരന്ത സാധ്യതകൾ കൂടി കണക്കിലെടുത്ത് കപ്പലുകളുടെ ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിക്കാൻ സാധ്യതയുള്ളത് എണ്ണവിലയെയും ബാധിച്ചേക്കാം.
ഇന്ത്യയുടെ സാമ്പത്തിക താല്പര്യങ്ങളെ ഈ പ്രതിസന്ധി നേരിട്ട് ബാധിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി വിദേശ് വഴി വെനസ്വേലയിലെ എണ്ണ പദ്ധതികളിൽ ഇന്ത്യയ്ക്ക് നേരിട്ട് നിക്ഷേപമുണ്ട്.
ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി നടത്തിയ ഉന്നതതല ചർച്ചയിൽ ഖനനം, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ മേഖലകളിൽ ഇന്ത്യൻ നിക്ഷേപം വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ പദ്ധതികളുടെ തുടർനടപടികൾ അവതാളത്തിലാകാനാണ് സാധ്യത.
മിഡിൽ ഈസ്റ്റിനെ മാത്രം ആശ്രയിക്കാതിരിക്കാൻ ഇന്ത്യ കണ്ടെത്തിയ പുതിയ മാർഗ്ഗത്തിന് പ്രകൃതിദുരന്തം വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

