മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച അഞ്ച് വർഷത്തെ ശിക്ഷ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട
കാര്യം ഉത്തരവിൽ വ്യക്തമാക്കാമെന്ന് ജസ്റ്റിസ് എ.ബദറുദീൻ അറിയിച്ചു. ഇതിനിടെ, വിചാരണക്കോടതി വിധിക്കെതിരെ സിബിഐയും അപ്പീൽ സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
പൊലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിലാണ് എം.ഗീതാനന്ദൻ ഉൾപ്പെടെ നാലു പേരെ വിചാരണക്കോടതി ശിക്ഷിച്ചത്. ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ഹര്ജിക്കാർ ആവശ്യപ്പെട്ടിരുന്നു.
അഞ്ച് വർഷത്തെ ശിക്ഷയല്ലേ ഉള്ളൂ എന്ന് വാക്കാൽ ചോദിച്ച കോടതി, പ്രതികൾക്കെതിരെ മറ്റ് കേസുകൾ നിലവിലുണ്ടോ എന്നും പരിശോധിച്ചു. വിചാരണക്കോടതി വിധിയിലെ പാകപിഴകൾ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കുറ്റപത്രത്തിൽ സെക്ഷൻ 149 ഉൾപ്പെടെയുള്ള വകുപ്പുകൾ ഫ്രെയിം ചെയ്തതിലെ അപാകതകളാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്. കേസിൽ സിബിഐക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ തയാറെടുക്കുന്നതായി വ്യക്തമാക്കി.
വിചാരണക്കോടതിയുടെ വിധി സൂക്ഷ്മമായി പരിശോധിക്കണമെന്ന് നേരത്തെ വാദം കേൾക്കുന്നതിനിടയിൽ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. വിധിന്യായത്തിൽ ‘പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി’ എന്ന് രേഖപ്പെടുത്തിയത് തെറ്റായ കണ്ടെത്തലാണെന്നും, ‘അന്തിമമായി തെളിയിക്കപ്പെട്ടു’ എന്നായിരുന്നു രേഖപ്പെടുത്തേണ്ടിയിരുന്നതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
ഗൂഢാലോചനയെക്കുറിച്ച് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട് എന്ന് മാത്രം വ്യക്തമാക്കി ശിക്ഷ നൽകാനാകില്ലെന്നും കുറ്റങ്ങളിൽ വകുപ്പ് 149 ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. കൊലപാതക കേസിൽ പ്രതികളെ വെറുതെ വിടുകയും എന്നാൽ അതിലേക്ക് നയിച്ചെന്ന് ആരോപിക്കുന്ന ഗൂഢാലോചന കുറ്റത്തിൽ മാത്രം ശിക്ഷിക്കുകയും ചെയ്യുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
2003 ജനുവരി 5 നാണ് മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ആരംഭിക്കുന്നത്.
ഗോത്രമഹാസഭ പ്രവർത്തകർ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ അതിക്രമിച്ചു കയറി ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും കുടിലുകൾ കെട്ടി കൃഷി ആരംഭിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് 2003 ഫെബ്രുവരി 19 നു കുണ്ടൻവയലിൽ ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതികൾ ആക്രമിച്ചതായും, ഇതിനിടയിൽ വിനോദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അബ്ദുൾ സലാം, ശശിധരൻ എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം.
വിചാരണക്കോടതി പ്രതികളെ കൊലപാതക കുറ്റത്തിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും അക്രമം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം അഞ്ച് വർഷം തടവും 36,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിചാരണക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.ഗീതാനന്ദന് പുറമെ മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽകുമാർ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

