സാങ്കേതികവിദ്യാലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന തൊഴിൽ നഷ്ടങ്ങൾ വലിയ ചർച്ചയാകുന്നതിനിടയിൽ, ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള ഒരു മുതിർന്ന എൻജിനീയറുടെ മാതൃകാപരമായ ജീവിത മാറ്റം ശ്രദ്ധേയമാകുന്നു. പ്രമുഖ സ്ഥാപനമായ അഡോബിയിൽ (Adobe) ഇരുപത്തഞ്ച് വർഷത്തിലധികം സേവനം അനുഷ്ഠിച്ച ജെയിംസ് സ്ട്രോൺ ആണ് നീണ്ട
നാളത്തെ തൊഴിലന്വേഷണത്തിനൊടുവിൽ പുതിയ മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്. 2025 ജൂണിൽ ജോലി നഷ്ടപ്പെട്ട
ഇദ്ദേഹം, ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനും പ്രതിസന്ധികൾക്കും ശേഷമാണ് സ്വന്തം ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവറുടെ വേഷം അണിഞ്ഞിരിക്കുന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തിലെ ഈ പുതിയ വഴിമാറലിനെക്കുറിച്ച് അദ്ദേഹം പ്രമുഖ തൊഴിൽ നൈറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ വഴിയാണ് ലോകത്തെ അറിയിച്ചത്. “ഒരു വർഷത്തിലേറെ നീണ്ട
തൊഴിലന്വേഷണത്തിനൊടുവിൽ ഹൈ-ടെക് മേഖലയിൽ നിന്ന് നേരിട്ട വിവേചനങ്ങളും തളർച്ചകളും മറികടന്ന് എന്റെ അടുത്ത അധ്യായം ആരംഭിക്കുകയാണ്.
അടുത്ത ആഴ്ച മുതൽ എന്റെ പ്രാദേശിക സ്കൂൾ ഡിസ്ട്രിക്ടിൽ ഞാൻ സ്കൂൾ ബസ് ഡ്രൈവറായി ജോലിക്ക് കയറുന്നു” എന്നാണ് ജെയിംസ് സ്ട്രോൺ തന്റെ കുറിപ്പിൽ വ്യക്തമാക്കിയത്. മുൻകാല കരിയറുമായി തട്ടിച്ചു നോക്കുമ്പോൾ ഈ പുതിയ തൊഴിലിന് വേതനം വളരെ കുറവാണെങ്കിലും, കുട്ടികൾക്കും സഹപ്രവർത്തകർക്കുമൊപ്പമുള്ള ഈ ജോലി താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ തൊഴിൽ അപേക്ഷകൾ തള്ളിക്കളഞ്ഞ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ശക്തമായ മറുപടിയും അദ്ദേഹം കുറിപ്പിലൂടെ നൽകി. “എന്റെ അപേക്ഷകൾ തള്ളിക്കളയുകയും ഇന്റർവ്യൂകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത കമ്പനികളോട് ഒന്നേ പറയാനുള്ളൂ, ഈ വ്യവസായം വീണ്ടും മനുഷ്യത്വമുള്ളതായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം തുറന്നടിച്ചു.
നിലവിൽ കൊളറാഡോ ഡിസ്ട്രിക്റ്റ് 38-ലാണ് ജെയിംസ് സ്ട്രോൺ സ്കൂൾ ബസ് ഡ്രൈവറായി സേവനം അനുഷ്ഠിക്കുന്നത്. ഉയർന്ന യോഗ്യതകളും അപാരമായ പരിചയസമ്പത്തുമുള്ളവർ പോലും തൊഴിൽ കണ്ടെത്താനാകാതെ വലയുന്ന ഇന്നത്തെ കോർപ്പറേറ്റ് സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ഈ അനുഭവക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
സാങ്കേതിക മേഖലയ്ക്ക് നഷ്ടമാകുന്നത് മികച്ച പ്രതിഭകളെയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

