ഉപ്പളയിൽ അനാഥമായി മരണപ്പെട്ട നാരായണന്റെ (64) അന്ത്യകർമ്മങ്ങൾ മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃകയായി മാറി.
വാർധക്യസഹജമായ അവശതകൾക്കും വായയെ ബാധിച്ച കാൻസറിനും അടിമപ്പെട്ട് ഉപ്പളയിലെ കടവരാന്തയിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ, ഒരു മാസം മുൻപാണ് ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള ‘ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ’ പ്രവർത്തകർ ഏറ്റെടുത്തത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി. എന്നാൽ, നാരായണന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു.
ഇതേതുടർന്ന് പൊലീസ് ഇടപെട്ട് ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. മൃതദേഹം ഏറ്റുവാങ്ങിയ കാസർകോട് ജില്ലാ പഞ്ചായത്തംഗവുമായ ഇർഫാന ഇഖ്ബാൽ, സ്വന്തം ചെലവിൽ ആംബുലൻസ് ഏർപ്പാടാക്കി ഉപ്പള ചെറുഗോളി പൊതുശ്മശാനത്തിലെത്തിച്ചു.
തുടർന്ന് മകളുടെ സ്ഥാനത്ത് നിന്ന് നാരായണന്റെ ചിതയ്ക്ക് ഇർഫാന തീകൊളുത്തി. തെരുവിൽ ഉപേക്ഷിക്കപ്പെട്ട
അൻപതോളം വയോധികർക്ക് അഭയമൊരുക്കുന്ന ഷെയ്ഖ് സായിദ് വൃദ്ധസദനത്തിന്റെ സ്ഥാപക കൂടിയാണ് ഇർഫാന ഇഖ്ബാൽ. സഹജീവി സ്നേഹത്തിന്റെ ഈ അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത് ഉപ്പള ചെറുഗോളി പൊതുശ്മശാനത്തിലെത്തിയവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

