ഗൗതം അദാനി ഉൾപ്പെട്ട കൈക്കൂലി കേസിലെ ക്രിമിനൽ നടപടികൾ ഒഴിവാക്കണമെന്ന ആവശ്യത്തിൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് വിശദീകരണം തേടി കോടതി.
കേസുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ചെയർമാന്റെ അഭിഭാഷകർ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി നിക്കോളാസ് ഗറാഫിസ് മുൻപാകെ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കുന്നതിന് പകരം ക്രിമിനൽ നടപടികൾ പിൻവലിക്കാനുള്ള സാഹചര്യങ്ങൾ വ്യക്തമാക്കാൻ നിയമവകുപ്പിനോട് കോടതി നിർദ്ദേശിക്കുകയായിരുന്നു.
മറുപടി സമർപ്പിക്കാൻ ജൂലൈ 13 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബൃഹത്തായ സൗരോർജ പദ്ധതികൾക്കായി വൻതോതിൽ കൈക്കൂലി നൽകിയ വിവരം മറച്ചുവെച്ച് യുഎസിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ് കേസിനാധാരം.
ഈ വിഷയത്തിൽ അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അവാസ്തവമാണെന്ന് അദാനി ഗ്രൂപ്പ് നേരത്തെ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
അതേസമയം, കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ഗൗതം അദാനി 60 ലക്ഷം യുഎസ് ഡോളറും (ഏകദേശം 57 കോടി രൂപ) സാഗർ അദാനി 1.2 കോടി ഡോളറും പിഴയൊടുക്കാൻ സന്നദ്ധരായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ ഒത്തുതീർപ്പ് നടപടി തങ്ങളുടെ ഭാഗത്തുനിന്നുള്ള കുറ്റസമ്മതമായി കണക്കാക്കരുതെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

