സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രണ്ടര മാസത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ 22 പുതിയ ബാറുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരിയിൽ ഒൻപതും ഫെബ്രുവരിയിൽ മൂന്നും മാർച്ചിൽ പത്തും വീതം ബാറുകൾക്കാണ് പുതുതായി അനുമതി ലഭിച്ചത്.
ഇതോടൊപ്പം, ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചുകൊണ്ട് ഫെബ്രുവരിയിൽ സർക്കാർ കൈക്കൊണ്ട തീരുമാനവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
തിരഞ്ഞെടുപ്പ് വേളയിൽ ബാറുടമകൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടുള്ള സർക്കാർ തലത്തിലെ ഈ അതിവേഗ ഫയൽ നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ബാറുകളുടെ പ്രവർത്തന സമയം രാത്രി 11 മണിയിൽ നിന്ന് 12 മണി വരെയായി വർദ്ധിപ്പിച്ച നടപടിക്കെതിരെ ജീവനക്കാരിൽ നിന്ന് തന്നെ പരാതികൾ ഉയർന്നിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന നിർദ്ദേശവും ശക്തമാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്ന സമയത്ത് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത് 29 ബാറുകൾ മാത്രമായിരുന്നു.
എന്നാൽ, കഴിഞ്ഞ മാസം അവസാനത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ബാറുകളുടെ എണ്ണം 903 ആയി വർദ്ധിച്ചിരിക്കുന്നു. ബവ്റിജസ് ഔട്ട്ലെറ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് വരുത്താതെ തന്നെ, സാമ്പത്തിക ലാഭം മുൻനിർത്തി ബാറുകൾക്ക് മുൻഗണന നൽകുന്നുവെന്ന ആക്ഷേപവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
നിലവിൽ ലൈസൻസ് ഉള്ളവയിൽ 512 എണ്ണം ത്രീ സ്റ്റാർ ഹോട്ടലുകളാണ്. കൂടാതെ 308 ഫോർ സ്റ്റാർ ഹോട്ടലുകൾക്കും 57 ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും 26 ഹെറിറ്റേജ് ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിച്ചിട്ടുണ്ട്.
നിലവിൽ ബവ്റിജസ് കോർപറേഷന് കീഴിൽ 285 മദ്യവിൽപനശാലകളും, കൺസ്യൂമർഫെഡിന് കീഴിൽ 46 മദ്യവിൽപനശാലകളുമാണ് സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

