കോഴിക്കോട് കോർപറേഷനിൽ പ്രവർത്തിക്കുന്ന ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. നഗരത്തിലെ വീടുകളിൽ നിന്നും ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുന്ന കുപ്പികൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കോർപറേഷൻ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നുണ്ടെങ്കിലും, കഴിഞ്ഞ 4 വർഷമായി ഇതിന്റെ കൃത്യമായ വരുമാന കണക്കുകൾ അംഗങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി.
പ്ലാസ്റ്റിക് വിൽപനയിലൂടെ ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ വിഹിതം സേനാംഗങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കോർപറേഷനിലെ 76 വാർഡുകളിലായി കോഴിക്കോട് നോർത്ത്, സൗത്ത്, സെൻട്രൽ എന്നിങ്ങനെ മൂന്ന് കൺസോർഷ്യങ്ങളാണ് പ്രവർത്തിക്കുന്നത്.
വീടുകളിൽ നിന്നും ഈടാക്കുന്ന യൂസർ ഫീയും പ്ലാസ്റ്റിക് വിൽപനയിലൂടെ ലഭിക്കുന്ന തുകയുമാണ് അംഗങ്ങളുടെ പ്രധാന വരുമാനമാർഗം. എന്നാൽ, പ്ലാസ്റ്റിക് വിൽപനയുടെ കണക്കുകൾ സുതാര്യമല്ലെന്ന് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ മറ്റിടങ്ങളിൽ സമാനമായി പ്ലാസ്റ്റിക് വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം കൺസോർഷ്യം അംഗങ്ങൾക്കിടയിൽ വീതിച്ചു നൽകുമ്പോൾ, ഇവിടെ അതിന് തടസ്സം നിൽക്കുന്നുവെന്നാണ് ആരോപണം. കൺസോർഷ്യത്തിന്റെ ബൈലോ പ്രകാരം സാമ്പത്തിക വർഷത്തെ വരവ്-ചെലവ് കണക്കുകൾ കുടുംബശ്രീ ജില്ലാ മിഷന്റെ ഓഡിറ്റിങ് വിഭാഗം പരിശോധിക്കുകയും അത് പൊതുസഭയിൽ അവതരിപ്പിക്കുകയും വേണം.
അംഗങ്ങൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി അറിയാനുള്ള അവകാശമുണ്ടെന്ന് ബൈലോയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, കണക്കുകൾ ചോദിക്കുമ്പോൾ പ്രസിഡന്റിനും സെക്രട്ടറിക്കും മാത്രമേ വിവരം അറിയൂ എന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. അതേസമയം, ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ട് കൺസോർഷ്യത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രംഗത്തെത്തി.
പ്ലാസ്റ്റിക് വിറ്റ വകയിൽ ലഭിച്ച തുക കൺസോർഷ്യത്തിന് തന്നെയാണ് ലഭിക്കുന്നതെന്നും, യൂസർ ഫീയോടൊപ്പം ഈ തുക ചേർത്താണ് അംഗങ്ങൾക്ക് പ്രതിഫലം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലാസ്റ്റിക് വിറ്റതിന്റെയും ലഭിച്ച തുകയുടെയും രേഖകൾ ഓഫീസിൽ ലഭ്യമാണെന്നും അംഗങ്ങൾക്ക് ഏതു സമയവും ഇത് പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിത കർമസേനയെ തകർക്കാൻ ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങളിൽ നിന്നും രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

