16 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ഷാജിർ അറാഫത്ത് ഉൾപ്പെടെയുള്ള കുടുംബത്തിന് നീതി.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വ്യാജക്കേസിൽ കുടുക്കി വീട്ടിൽ അതിക്രമിച്ചുകയറി ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.കെ.ബിജു, പി.ബാബുരാജൻ, എം.എ.കബീർ എന്നിവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി. പരാതിക്കാർക്ക് പലിശ സഹിതം 5 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി കൂടിയായ ഷാജിർ അറാഫത്ത്, സഹോദരൻ കെ.മുജീബ് റഹ്മാൻ, മാതാവ് കെ.പി. ജമീല എന്നിവരാണ് ഈ ദീർഘകാല നിയമപോരാട്ടത്തിലൂടെ നീതി ഉറപ്പാക്കിയത്.
സംഭവം ഇങ്ങനെ
സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ അന്നത്തെ നടക്കാവ് എസ്ഐ കെ.കെ.ബിജുരാജ് സമ്മർദം ചെലുത്തിയിരുന്നു.
ഇതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഷാജിർ അറാഫത്ത് പരാതി നൽകിയതാണ് പ്രതികാര നടപടികൾക്ക് തുടക്കമിട്ടത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർ, തുടർന്ന് വീട്ടിലെത്തി കാർ ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ ഘട്ടത്തിൽ കെ.മുജീബ് റഹ്മാനെ പൊലീസ് ഉദ്യോഗസ്ഥർ ബൂട്ടിട്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മകനെ മർദ്ദിക്കുന്നത് കണ്ട് ഹൃദ്രോഗിയായ മാതാവ് കെ.പി.
ജമീല കുഴഞ്ഞുവീഴുകയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തു. കോടതിയുടെ സുപ്രധാന നിരീക്ഷണം
പൊലീസ് കസ്റ്റഡിയിലിരിക്കെ വാഹനത്തിന്റെ എൻജിനിൽ മണ്ണും മണ്ണെണ്ണയും ഒഴിച്ച് കേടുവരുത്തുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
തങ്ങൾ ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാണെന്ന പൊലീസ് വാദം ജില്ലാ കോടതി പൂർണമായും തള്ളിയിരുന്നു. വ്യാജക്കേസ് ചമയ്ക്കുന്നതും പൗരന്മാരെ മർദ്ദിക്കുന്നതും ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമല്ലെന്ന് കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
ഹൈക്കോടതിയിൽ പരാതിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ശ്യാം പത്മൻ ഹാജരായി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരിക്കെ ഇതേ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ ക്രൂരതകൾക്ക് ഷാജിർ അറാഫത്ത് ഇരയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

