കണ്ണൂർ–തലശ്ശേരി, കണ്ണൂർ–കൂത്തുപറമ്പ് പാതകളിൽ ഗതാഗത പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ട്രാക്ക് നവീകരണപ്രവൃത്തികളുടെ ഭാഗമായി നടാൽ റെയിൽവേ ഗേറ്റ് മേയ് 28 രാവിലെ 8 മണി മുതൽ ജൂൺ 1 രാത്രി 11 മണി വരെ പൂർണമായും അടച്ചിടും.
സ്കൂളുകൾ തുറക്കുന്ന ജൂൺ 1-ന് തന്നെ ഗേറ്റ് അടഞ്ഞുകിടക്കുന്നത് സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ നീക്കത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ ദേശീയപാത നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങൾ കാരണം ഈ റൂട്ടുകളിൽ വലിയ തോതിലുള്ള യാത്രാക്ലേശം നിലനിൽക്കുന്നുണ്ട്.
നടാൽ റെയിൽവേ ഗേറ്റ് അടച്ചിടുന്നതോടെ, കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലോടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ താഴെചൊവ്വ ബൈപാസ്–കിഴുത്തള്ളി–ചാല വഴിയായിരിക്കും തലശ്ശേരിയിലേക്ക് സർവീസ് നടത്തുക. ഇതിനകം തന്നെ കനത്ത തിരക്ക് അനുഭവപ്പെടുന്ന ഈ പാതയിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ ഗതാഗതക്കുരുക്ക് ഇരട്ടിയാകും.
ട്രാക്ക് നവീകരണത്തിനായി താഴെചൊവ്വ റെയിൽവേ ഗേറ്റ് നേരത്തെ അടച്ചിട്ടപ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് വലിയ ഗതാഗത തടസ്സങ്ങൾക്ക് കാരണമായിരുന്നു. യാത്രാക്ലേശത്തിന് പരിഹാരം തേടി അധികൃതർ
നിലവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ അധികൃതർ തീവ്രശ്രമത്തിലാണ്.
കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ നിലവിൽ മിംസ്–ബേബി ആശുപത്രി വഴി ചുറ്റിപ്പറ്റിയാണ് കടത്തിവിടുന്നത്. ഈ അസൗകര്യം ഒഴിവാക്കാൻ കിഴുത്തള്ളിയിൽനിന്ന് ചാല അമ്പലം സ്റ്റോപ്പ് വരെയുള്ള സർവീസ് റോഡ് സ്കൂൾ തുറക്കുന്നതിന് മുൻപ് തുറന്നുകൊടുക്കാൻ ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നു.
കൂടാതെ, ചാലയിൽ നിന്ന് തോട്ടടയിലേക്ക് പോകുന്ന അമ്മൂപറമ്പ് റോഡ് അടച്ചതുമൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാത ഭാഗത്തുനിന്ന് അമ്മൂപറമ്പ് റോഡിലേക്ക് താൽക്കാലിക സർവീസ് റോഡ് തുറക്കാനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

